പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ല: കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

0

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അനില്‍ കുമാര്‍ നിലപാട് കടുപ്പിച്ചത്. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനിൽകുമാർ പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ആയുസ്സിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണെന്ന് അനില്‍കുമാർ പറഞ്ഞു ഒപ്പം ഇന്നത്തോടുകൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് നേതൃത്വം പ്രതികരിച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നാണ് കെ പി അനില്‍കുമാറിന്റെ നിലപാട് വ്യക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായരുന്നത് കെ പി അനില്‍കുമാറിനാണ്. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പരസ്യപ്രതികരണം അറിയിച്ച അനില്‍കുമാറിനെ പാര്‍ട്ടി ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ പരസ്യപ്രതികരണം നടത്തിയതില്‍ അനില്‍കുമാര്‍ നേതൃത്വത്തിന് വിശദീകരണം നല്‍കിയെങ്കിലും നേതൃതം അസംതൃപ്തരായിരുന്നു.

കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് രാജി.