സുശാന്തിന്‍റെ മരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നൽകും; കങ്കണ റണാവത്

0

ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രാജ്പുതിൻറെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരികെ നൽകാൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്. സുശാന്തിന്റെ മരണ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ബോളിവുഡിലെ പല പ്രമുഖർക്കെതിരേയും കങ്കണ രം​ഗത്ത് വന്നിരുന്നു.

സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്ത് ഏറെ മാനസിക പ്രയാസം സിനിമയിൽ നിന്നും നേരിട്ടിരുന്നെന്നും സുശാന്തിന്റേത് ആത്മഹത്യയല്ല വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കങ്കണ ആരോപിച്ചിരുന്നു.

കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

എന്നാല്‍ അതിന് ശേഷം അവരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ല. പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ മടക്കി നല്‍കുമെന്നും കങ്കണ പ്രതികരിക്കുന്നു. വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് പൊതുവേദികളില്‍ സംസാരിച്ചതെന്നും അവര്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 14നാണ് യുവതാരം സുശാന്ത് സിംഗ് രാജ്പൂതിനെ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന സുശാന്ത് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഇത് സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ സുശാന്തിന്‍റെ മരണത്തിന് പിന്നില്‍ സിനിമയിലെ മാഫിയ ആണെന്നും ആത്മഹത്യയല്ല കൊലപാതകമാണെന്നുമായിരുന്നു കങ്കണ ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അഞ്ച് ചിത്രങ്ങള്‍ മുടങ്ങി പോയെന്നും മരണത്തെ കുറിച്ച് ചിലര്‍ വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞിരുന്നു