ഇനി മലയാളികൾക്ക് ഒരു സംശയവുമില്ലാതെ പറയാം ഉറപ്പാണ് എൽ ഡി എഫ് എന്ന്…15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ കേരളം ചുവന്നുതുടുത്തു നിൽക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. അതെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയന്‍ വീണ്ടും അധികാരപഥത്തിലേക്കെത്താൻ പോകുന്നു.

ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്‌നമാണ് പിണറായി ഉറപ്പാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 95 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 42 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടും തൃശൂരിലുമാണ് എൻഡിഎ ലീ‍ഡ് ചെയ്യുന്നത്.

കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്, തിരുവനന്തപുരത്ത് 14-ല്‍ 12, കൊല്ലത്ത് പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്‌, പാലക്കാട് പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13-ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.

വിവാദങ്ങൾക്കുമുന്നിൽ തലകുനിക്കാതെ വികസനത്തിലൂന്നി നിന്ന ജനപക്ഷ സർക്കാരിന്റെ ഭരണ തുടർച്ചയാണ് കേരളംസാക്ഷിയാകുന്നത്.