കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പട്ടികയായി; പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും

0

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. പാലായില്‍ ജോസ് കെ. മാണി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും വീണ്ടും ജനവിധി തേടും. കടുത്തുരുത്തി മണ്ഡലത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്നുപേരുടെ പേരുകളാണ് പരിഗണിക്കുന്നത്. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്.

കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ഡോ. എന്‍. ജയരാജിനെയാണ് പരിഗണിക്കുന്നത്. പൂഞ്ഞാറില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പേരാണ് പരിഗണിക്കുന്നത്.

ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ. കെ.ഐ. ആന്റണി, ഇടുക്കിയില്‍ റോഷി അഗസ്റ്റ്യന്‍, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് ജില്‍സ് പെരിയപുറം, റാന്നിയില്‍ പ്രമോദ് നാരായണന്‍, എന്‍.എം. രാജു, ചാലക്കുടിയില്‍ ഡെന്നീസ് കെ. ആന്റണി, കുറ്റ്യാടിയില്‍ മുഹമ്മദ് ഇക്ബാല്‍, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റത്തെയുമാണ് നിലവില്‍ പരിഗണിക്കുന്നത്.