മഴയ്ക്ക് ശമനം; സംസ്ഥാനത്ത് ആകെ മരണം 89, കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി. ഉരുള്‍പ്പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 19 ആയി. കാണാതായ 63 പേരിൽ നാലു പേർ തിരിച്ചെത്തിയതോടെ 59 പേർ അപകടത്തിൽപ്പെട്ടെന്നാണ് പുതിയ കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്.

ഒരേ സമയം 15 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം. പരിശീലനം നേടിയ നായകളെയും തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. സൈന്യത്തിനൊപ്പം ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. ഇന്നലെ നടന്ന തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി അജിത് കുമാർ [നാരായണൻ -50 ) ആണ് മരിച്ചത്.

വയനാട് മേപ്പാടി പുത്തുമലയിൽ തിരച്ചിൽ തുടർന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്.വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. ഒപ്പം വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർ‍ശിക്കും.