അഗ്നിപഥ് കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും: രാജ്യത്ത് ഉദ്യോഗാർത്ഥികളുടെ ‘ഭാരത് ബന്ദ്’

0

ഡൽഹി: അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാ‍ർ ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോൾ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയിട്ടുണ്ട്.

അതേസമയം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ അഗ്നിപഥിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമായേക്കും. ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.