സ്‌കൂളുകളില്‍ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം; മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണവും നല്‍കും

0

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ക്ലാസ് ഉച്ചവരെ മാത്രമായിരിക്കും, ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്സീനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും.

തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് വിതരണം ചെയ്യും. ഇതിനായി പി.ടി.എ.യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കും. ആയിരം കുട്ടികളിൽ കൂടുതലുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ ഒരു ദിവസം സ്‌കൂളില്‍ വന്നാല്‍ മതി. ഓരോ ബാച്ചും തുടര്‍ച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. എൽപി ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു.

ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. ക്ലാസുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാർഗരേഖ ആയിക്കഴിഞ്ഞു.