കോവിഡ് മരണഭീതി മുഴക്കുമ്പോൾ, ലോകരാജ്യങ്ങൾക്ക് മാതൃകയായി കേരളം

0

കോവിഡെന്ന മഹാമാരിയോട് പൊരുതി ലോകത്തിന് തന്നെ മാതൃകയായി ദൈവത്തിന്റെ സ്വന്തം നാട്. ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ വാനോളം പുകഴ്ത്തുകയാണിന്ന് ലോകം. കേരളത്തിലെ ആരോഗ്യ മേഖല എക്കാലവും ആഗോളതലത്തിലടക്കം കൈയടി നേടിയിട്ടുളളതാണ്.

രണ്ടുവർഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട നിപ എന്ന മഹാവിപത്തിനെ തളച്ചതുപോലെ കേരളം കോവിഡിനെയും അതിജീവിക്കുകയാണ്. അങ്ങനെ, മഹാമാരികളെ ദ്രുതഗതിയിൽ പ്രതിരോധിച്ച ഈ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

കൊറോണ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയവരില്‍ കൂടുതലും കേരളത്തിലാണെന്ന അഭിമാനകരമായ പുതിയ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും രോഗമുക്തി നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

അമേരിക്കയിലും, യുകെയിലുമടക്കം കൊറോണ വൈറസ് ബാധിച്ച പ്രായമായവര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ എണ്‍പതും, എഴുപതും വയസ് പിന്നിട്ട വിദേശികളെയാണ് ഇവിടെ ചികിത്സിച്ച് ഭേദമാക്കിയത്. ലോകത്ത് കോവിഡ് ബാധയുള്ള മറ്റെല്ലാ രാജ്യങ്ങളും 60 വയസിന് മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തുമ്പോഴാണ് ഇത്രയും പേരെ ഒരുമിച്ച് മികച്ച ചികിത്സ നല്‍കി കേരളം ജീവന്‍ രക്ഷിച്ചെടുത്തത്. ഈ ഒരു ചെറുത്തുനിൽപ്പിലൂടെയാണ് കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രശസ്തി ഏഴും കടലും താണ്ടി കുതിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍, രോഗികളെ ക്വാറന്റെെന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുഘട്ടത്തിൽ മഹാരാഷ്ട്രയുടെ കണക്കുകൾക്കൊപ്പം തന്നെയായിരുന്നു കേരളത്തിലെ രോഗബാധിതരുടെ എണ്ണവും. പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സംയോജിതമായ ഇടപെടലിലൂടെ രോഗത്തെ പ്രതിരോധിക്കുകയാണ് ഇപ്പോഴും ചെയ്തുവരുന്നത്.അതേസമയം,​ രാജ്യത്ത് ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 7367 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 715 പേർക്ക് രോഗം ഭേദമായി. 273പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 34 മരണങ്ങളും 909 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര,​തമിഴ്നാട്,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ്,​ ഉത്തർപ്രദേശ്,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേരളവും കോവിഡും

ജനുവരി 30നാണു കേരളത്തിലാദ്യ കോവിഡ് 19 സിഥിരീകരിക്കുന്നത്. പിന്നീട് ഇറ്റലിയിൽ നിന്നുളളവരും ഉംറ തീർത്ഥാടകരും വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരും തബ്‌ലീഗുകാരും എന്നിങ്ങനെ പലവഴി പലയിടത്തുനിന്നും രോഗികളുടെ എണ്ണം പെരുകാൻ തുടങ്ങി. മാർച്ച് 23 മുതലാണ് രോഗം പ്രതിദിനം 20 ലേറെ പേർക്ക് എന്ന തോതിൽ കൂടാൻ തുടങ്ങിയത്. മാർച്ച് 30 ന് ഒറ്റദിവസം 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ പെരുപ്പം ഏപ്രിൽ രണ്ടുമുതൽ കുറയാൻ തുടങ്ങി. ഇപ്പോൾ അത് 10ൽ താഴെയാണ്. ഇന്നലെ രോഗം പുതുതായി സ്ഥിരീകരിച്ചത് രണ്ടുപേർക്ക്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രാകാരം കഴിഞ്ഞ ഒരാഴ്ചത്തെ റിപ്പോർട്ട് അനുസരിച്ച് കേരളം ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്നു. എന്നാൽ ഒറ്റക്കെട്ടായുള്ള ആരോഗ്യപ്രവത്തകരുടെയും സർക്കാരിന്റെയും പ്രവർത്തന മികവ് കൊണ്ടും,വിപുലമായ സാമൂഹ്യആരോഗ്യചികിത്സാസംവിധാനവും,ഒപ്പം ജനങ്ങളുടെ അവബോധവും സഹകരണവും കൊണ്ട് കേരളം കോവിഡിനെതിരെ ചെറുത്തുനിൽക്കുകയാണ്.