ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ മലയാളി മധ്യവയസ്കൻ പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മായിൽ (55) തെക്കൻ സൗദിയിലെ ജീസാനിലാണ് മരിച്ചത്. ദായർ എന്ന സ്ഥലത്തെ ഒരു ഹൈപ്പർമാർക്കറ്റിൽ പാചക തൊഴിലാളിയായിരുന്നു ഇസ്മായിൽ.

ശനിയാഴ്ച രാത്രി 9.30ന് ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും മറ്റും ചേർന്ന് ദായർ ബനീ മാലിക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം എട്ട് വർഷം മുമ്പാണ് ജിസാനിലെത്തിയത്. നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നത് ഒരു വർഷം മുമ്പാണ്.

പരേതരായ കവളപ്പാറ അബ്ദുല്ല, കൊല്ലഞ്ചേരി ഫാത്വിമ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: തള്ളാശ്ശേരി നഫീസ, മക്കൾ: ഷമീം, സൽമ, മരുമക്കൾ: ഹസീന പാറേക്കാവ് മൂന്നിയ്യൂർ, ജംഷീദ് കരീപറമ്പ് ചെമ്മാട്, സഹോദരങ്ങൾ: സൈതലവി പരപ്പനങ്ങാടി, അബ്ദുൽ ഖാദർ ചെമ്മാട്‌.