കിം ജോങ് ഉൻ സിംഗപ്പൂരില്‍ എത്തിയത് എയര്‍ ചൈനയില്‍; കിമ്മിനായുള്ള ഭക്ഷണസാമഗ്രികള്‍ വടക്കന്‍ കൊറിയയില്‍ നിന്നെത്തിക്കും

0

ഉത്തര കൊറിയയുടെ രാഷ്ട്ര മേധാവിയായ  കിം ജോങ് ഉൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടികാഴ്ചയ്ക്ക് സിംഗപ്പൂരില്‍ എത്തിയത് ലോകം ഇതുവരെ കണ്ടത്തില്‍ ഏറ്റവും വലിയ സുരക്ഷയോടെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വധിഭീഷണിയുള്ള രാഷ്ട്ര മേധാവിയാണ് കിം. പൊതുവേ ജീവനില്‍ വലിയ ഭയവും ഉള്ള ആള്‍. വിമാനയാത്രകള്‍ പോലും കിം കഴിവതും ഒഴിവാക്കും.

അങ്ങനെയുള്ള കിം എത്തിയത് ചൈനയുടെ വിമാനത്തിലാണ്.  വിമാനത്തിൽ യാത്ര ചെയ്ത് സിംഗപ്പൂരിലെത്തുക വലിയ വെല്ലുവിളി തന്നെയായിരുന്നു. ദീർഘദൂര യാത്രയ്ക്ക് വേണ്ട സുരക്ഷിതമായ ഒരു വിമാനം പോലുമില്ലാത്ത കിം ജോങ് എങ്ങനെ സിംഗപ്പൂരിലെത്തുമെന്നു പലരും ശങ്കിച്ചു. എന്നാൽ എല്ലാ ഊഹാപോഹങ്ങളും തെറ്റിച്ച് ചൈനയുടെ സഹായത്തോടെ അവരുടെ തന്നെ വിമാനത്തിലാണ് കിം ജോങ് ഉൻ സിംഗപ്പൂരിലെത്തിയത്. ഫ്ലൈറ്റ്റഡാർ 24 വെബ്സൈറ്റ് വഴി കിം ജോങ് ഉന്നിന്റെ വിമാനം പോകുന്ന വഴി ലൈവിൽ നോക്കി നിന്നിരുന്നത് നിരവധി പേരാണ്. പ്യോംഗാങ് എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ഓരോ നീക്കവും ലോകം വീക്ഷിക്കുകയായിരുന്നു.

ഉത്തര കൊറിയയിലെ പ്രാദേശിക സമയം രാവിലെ 8.30 നാണ് എയർ ചൈന 747 വിമാനം പൊങ്ങിയത്.  കിമ്മിന്റെ വിമാനം പോകുന്ന റൂട്ടിൽ നിന്നെല്ലാം സാധാരണ വിമാനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. ചാങ്കി രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.40 നാണ് വിമാനം ലാൻഡ് ചെയ്തത്. ബോയിങ് 747 വിമാനത്തിലാണ് സഞ്ചരിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു എയർ ചൈന വിമാനത്തിൽ കിമ്മിന്റെ സഹോദരിയും മറ്റു ചിലരുമെത്തി. കിം ജോങ് ഉന്നിന് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങളും അനുയായികളെയും എത്തിച്ചത് എയർ കൊറിയോ വിമാനത്തിലാണ്. കിമ്മിന് സഞ്ചരിക്കേണ്ട ബെൻസ് കാറുകളെല്ലാം എത്തിച്ചത് എയർ കൊറിയ വഴിയാണ്.

കിമ്മിനായുള്ള ഭക്ഷണസാമഗ്രികള്‍ വടക്കന്‍ കൊറിയയില്‍ നിന്നും കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റിയ വിധത്തില്‍ ചാംഗി വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് കാറ്ററിംഗ് വിഭാഗമായ സാറ്റ് പ്രത്യേകമായി തയ്യാറാക്കിയ റഫ്രജിറേറ്റര്‍ ട്രക്കുകളിലാണ്  കൊണ്ടുവരുന്നത്. ചാംഗി വിമാനത്താവളത്തില്‍ നിന്നും ഈ ട്രക്ക് കയറ്റിയ പ്രത്യേക വിമാനം സിംഗപ്പൂരില്‍ ഇറങ്ങുകയും കിം താമസിക്കുന്ന സെന്റ് റെഗീസ് ഹോട്ടലിലേക്ക് ട്രക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. കിം താമസിക്കുന്ന ഹോട്ടലില്‍ നിന്നും 750 മീറ്റര്‍ മാത്രം അകലെയുള്ള  ഷാംഗ്രി ലാ ഹോട്ടലിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് താമസമൊരുക്കിയിരിക്കുന്നത്.