ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കുവൈത്ത് എയര്‍വെയ്‌സ്

1

കുവൈത്ത് സിറ്റി: ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് എയര്‍ലൈന്‍സിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രാന്‍സിറ്റിനും വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് എയര്‍വെയ്‌സ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ വാർത്ത വ്യാജമാണെന്നും കമ്പനി ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും കുവൈത്ത് എയര്‍വേയ്സ് ട്വീറ്റ് ചെയ്തു.

ലെബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, അഫ്‍ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യമന്‍, ബംഗ്ലാദേശ്, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത് തെറ്റാണെന്നും നിയമാനുസരണം ഏത് യാത്രക്കാരനും കുവൈത്ത് എയര്‍വേയ്സിലോ മറ്റേതെങ്കിലും വിമാനങ്ങളിലോ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.