കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു; ഇഖാമ കാലാ‍വധി കഴിഞ്ഞാല്‍ 600 ദിനാര്‍ പിഴ

0

കുവൈറ്റില്‍ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യൻ എംബസിയിൽ നാലായിരത്തിലേറെ പേര്‍ എത്തി. ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലാവധി.

ഈ സമയപരിധിക്കുള്ളിൽ അനധികൃത താമസക്കാർ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാ‍വധി കഴിഞ്ഞതിനുശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ട് ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. ഇഖാമ സാധുതയുള്ളതാക്കി മാറ്റണമെങ്കിൽ ഈ പിഴ അടച്ചിരിക്കണം. അതേസമയം രാജ്യംവിടുന്നവർക്ക് പിഴ ബാധകമാകില്ല.

എമർജൻസി സർടിഫിക്കറ്റ് നൽകുന്നതിന് വിപുലമായ സംവിധാനമാണ് എംബസിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഹെൽ‌പ് ഡസ്കും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യദിവസം തന്നെ അനുഭവപ്പെട്ട ജനബാഹുല്യം എംബസി പ്രവർത്തനങ്ങളെ വീർപ്പുമുട്ടിച്ചു. എംബസിയിലെ പ്രവൃത്തി സമയം ആരംഭിക്കുന്നതിനു മുൻപെ ജനങ്ങളുടെ നിര എംബസി പരിസരവും കവിഞ്ഞ് ഗൾഫ് റോഡിൽ എത്തിയിരുന്നു. പത്തോളം പേരെ വീതമാണ് ഒരുസമയം എംബസി ഓഫീസിനകത്തേക്ക് കടത്തിവിട്ടത്. നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് എംബസി ക്രമീകരണങ്ങൾ.

പ്രവാസി സംഘടനകൾ പലതും പ്രഖ്യാപിച്ച ഹെൽ‌പ് ഡസ്കുകളുടെ സേവനം എംബസി പരിസരത്ത് കൂടി ലഭ്യമാക്കുകയാണെങ്കിൽ എംബസിയിൽ സഹായം തേടി എത്തുന്നവർക്കും എംബസി പ്രവർത്തനത്തിനും കൂടുതൾ എളുപ്പമായിരിക്കുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. എംബസി പരിസരത്ത് സന്നദ്ധ സംഘടനകളുടെ ഹെൽ‌പ് ഡസ്ക് അനുവദിച്ചാൽ ഓഫീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള കാര്യങ്ങൾ അവിടെ പൂർത്തിയാക്കാൻ കഴിയുമെന്ന സൗകര്യമുണ്ടാകും.

അപേക്ഷിക്കാൻ പാസ്പോർട് കോപ്പിയും ഫോട്ടോയും

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നതിന് എമർജൻസി സർടിഫിക്കറ്റ് ആവശ്യമുള്ളവർ എംബസിയിൽ ഹാജരാക്കേണ്ടത് പാസ്പോർട്ട് കോപ്പിയും വെളുത്ത പശ്ചാത്തലമുള്ള രണ്ട് പാസ്പോർട്ട് സൈസ് ഫൊട്ടോയും അഞ്ച് ദിനാറും. പാസ്പോർട്ട് കോപ്പി കൈവശമില്ലാത്തവർ നാട്ടിലെ തിരിച്ചറിയൽ രേഖകളായ ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയവയുടെ കോപ്പി ഹാജരാക്കണം.

സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാതെ ഒളിച്ചോടി എന്ന് പരാതി നിലനിൽക്കുന്ന കേസുകളിലും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് താമസാനുമതി കാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി. എന്നാൽ പരാതി ജനുവരി 24ന് മുൻപുള്ളതായിരിക്കണം. ജോലിയുമായി ബന്ധമില്ലാത്തതും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ളതുമാണ് പരാതിയെങ്കിl പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. മറ്റു കേസുകളിൽ അറസ്റ്റ് വാറണ്ട് ഉള്ളവരെ അറസ്റ്റ്ചെയ്യുന്നതും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

.