വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത്‌ വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു

0

വർക്കല: പതിനേഴുകാരിയായ വിദ്യാർ‌ഥിനിയെ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം ജില്ലയിൽ വർ‌ക്കലയിലെ വടശേരിക്കോണത്ത് ‌തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെ‌യും ശാലിനിയുടെയും മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ നേരത്തേ അടുപ്പത്തിലായിരുന്നെന്നും സംഗീതയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പം മൂലമുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സൂചന. ശ്രീശങ്കര കോളജിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ് സംഗീത.

പുലർച്ചെ ഒന്നരയോടെ വീടിനു സമീപമെത്തിയ പ്രതി സംഗീതയെ ഫോണിൽ വിളിച്ച് പുറത്തേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീത പുറത്തിറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തി. തുടർന്ന് ഗോപുവും സംഗീതയുമായി വാക്കേറ്റമുണ്ടായി. അതിനിടെ ഗോപു കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.

സിറ്റ്ഔട്ടിലെത്തി വാതിലിലിടിച്ചു. ബഹളം കേട്ടെത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെയാണ് കണ്ടത്. ഓടിയെത്തിയ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചിരുന്നു.

സംഗീതയുടെ മൊബൈൽഫോൺ ഗോപു എടുത്ത് വഴിയിലുപേക്ഷിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വഴിയരികിലുള്ള പുരയിടത്തിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.