ലഖിംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രി അജയ്‍ മിശ്രയ്ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി

0

ഡൽഹി: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. കർഷകർക്കിടയിലേക്ക് ആശിഷ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷക സംഘടനകളുടെ ആരോപണം. ആശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.

അതേസമയം ലഖിംപുർ ഖേരിയിലെ സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. കർഷകർക്കിടയിലേക്ക്മ മനപ്പൂര്‍വ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂർ ഖേരിയിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗെസ്റ്റ് ഹൗസിന് മുന്നിൽ തടിച്ച് കൂടിയിരിക്കുകയാണ്.