അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച സംഭവം: പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്

0

മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു.

അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്ട്രേഷന്‍ ഒാഫീസറായി ജോലി ചെയ്യുന്ന പ്രതി പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായാണ് പൊലീസിന് കിട്ടിയ പരാതി. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത് എന്നും പരാതിയിൽ പറയുന്നുണ്ട്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്​ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്.

യുഎഇയിലും ഹാഫിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവരം അറിയിച്ച് പ്രതിയെ നാട്ടിലെത്തിക്കാനാണ് നീക്കം. മലപ്പുറം നാര്‍ക്കോട്ടിക് ഡിവൈഎസ്പി പി.പി. ഷംസിനാണ് അന്വേഷണ ചുമതല. പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും തീരുമാനിച്ചു.മാർച്ച് 25ന് വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചശേഷം മാർച്ച് 19ന് വിദേശത്തേക്കു പോയ യുവാവ് കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങൾ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതൽ യുവതിയുടെ ഫോണിലേക്ക് വിവിധ രാജ്യങ്ങളിൽനിന്നായി ഒട്ടേറെ കോളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്. ഇങ്ങനെ വിളിച്ച പാക്കിസ്ഥാൻ സ്വദേശി വഴിയാണ് യുവതിയും കുടുംബവും സംഭവം അറിയുന്നത്.