ഇനി കലാകുസുമങ്ങൾ ഇതൾ വിരിയുന്ന നാളുകൾ; 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

0

കാഞ്ഞങ്ങാട്: 60 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കം. സ്പീക്കര്‍ ബി ശ്രീരാമകൃഷ്ണന്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവിത ചൊല്ലിയാണ് കലോത്സവത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചത്. ഇനി നാല് ദിനം, കലാകുസുമങ്ങളുടെ പ്രകടനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുക.

നടന്‍ ജയസൂര്യ മുഖ്യാതിഥിയായ ചടങ്ങില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എന്നിവര്‍ സംബന്ധിച്ചു. മത്സരബുദ്ധിക്ക് അതീതമായി കലകളെ സ്നേഹിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ജയസൂര്യ കൂട്ടിച്ചേർത്തു.

പൊതു വിദ്യാദ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറി. കുട്ടികള്‍ക്കൊപ്പം ചെണ്ട കൊട്ടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി.

60 അധ്യാപകർ ചേർന്ന് സ്വാഗത ഗാനം ചടങ്ങില്‍ അവതരിപ്പിച്ചു. 28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. 28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്.

കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.കലോത്സവം കുറ്റമറ്റ രീതിയിൽ നടത്തുമെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.