സ്വപ്‌നയുടെ നിയമനത്തിലെ ജാഗ്രതക്കുറവ്; ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും

0

തിരുവനന്തപുരം: സര്‍വീസ് ചട്ടലംഘനവും സ്വപ്‌നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.

വകുപ്പുതല നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാണ് ചീഫ് സെക്രട്ടറിക്ക് കിട്ടിയ നിര്‍ദ്ദേശം. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതൽ പദവി ദുര്‍വിനിയോഗം വരെയുള്ളആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. അതിൻമേലാണ് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്.

ചീഫ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. ഇത് ലഭിച്ചാലുടന്‍ ഉത്തരവിറങ്ങും. അന്വേഷണവിധേയമായിട്ടായിരിക്കും സസ്‌പെന്‍ഡ് ചെയ്യുക. മിക്കവാറും വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കും.

ഈ വിഷയം ഇന്നലെ പാര്‍ട്ടി നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചിരുന്നു. നടപടിയെടുക്കാന്‍ പര്യാപ്തമായ വസ്തുതകളില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സര്‍ക്കാര്‍. മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന തസ്തികകളിൽ നിന്ന് എം ശിവശങ്കറിനെ മാറ്റി നിര്‍ത്തിയെങ്കിലും വകുപ്പ് തല നടപടി തന്നെ വേണമെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത് എന്നത് വ്യക്തമായി പുറത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കര്‍ . അതുകൊണ്ട് തന്നെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടൻ നടപടിയിലേക്ക് നീങ്ങാനാണ് ഇപ്പോൾ തീരുമാനം.