മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

0

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥപറയുന്ന മേജർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രീകരണത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. കൊറോണ പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു.

മേജർ സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത് യുവതാരമായ അദിവ് ശേഷ് ആണ്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലുമാണ് ചിത്രമൊരുങ്ങുന്നത്. 2020ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ എസ് ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.