വെറും പത്തലല്ല … നല്ല എരിപൊരി കുഞ്ഞിപത്തൽ

0

രുചികൊണ്ട് സ്നേഹമൂട്ടുന്നവരാണ് മലബാറുകാർ അതുപോലെതന്നെ അവിടത്തെ വിഭവങ്ങൾക്കുമുണ്ട് സ്നേഹത്തിൽ ചാലിച്ച പേരുകൾ അത്തരത്തിലൊരോമനപ്പേരിട്ടു വിളിക്കുന്ന വിഭവമാണ്. കക്ക റൊട്ടി അഥവാ കുഞ്ഞിപത്തൽ. കാഴ്ച്ചയിൽ ചെറുതാണെങ്കിലും നാവിൻ തുമ്പിൽ രുചിയുടെ വിപ്ലവം തീർക്കാൻ കേമനാണ് കുഞ്ഞി പത്തൽ. പേരുപോലെതന്നെ കാഴ്ചയിലും ഓമനത്തം തോന്നുന്ന വിഭവമാണിത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും തട്ടുകടകളിലെ രാജാവാണ് കക്കറൊട്ടി. വൈകുന്നേരമായിക്കഴിഞ്ഞാൽ നല്ല ആവിപറക്കുന്ന കാക്കറൊട്ടി ഇല്ലാത്ത തട്ടുകടകൾ മലബാറിൽ കാണില്ല. നിരവധി ആളുകളാണ് ഇതിന്‍റെ രുചിതേടി ഇവിടങ്ങളിൽ വരാറുള്ളത്. നല്ല ചൂട് കട്ടൻ ചായക്കൊപ്പം എരിവൂറുന്ന കാക്കറൊട്ടി കൂടി കണ്ടാൽ വായിൽ കപ്പലോടിക്കാൻ വെള്ളം കാണും. ചിലയിടത്ത് കക്ക റൊട്ടിയാണെങ്കിൽ ചിലയിടത്തിത് കുഞ്ഞി പത്തലാണ് കക്കയുടത്രയും വലുപ്പമുള്ളതുകൊണ്ടാവാം മലബാറുകാർ ഇതിനെ കക്ക റോട്ടിയെന്നു വിളിക്കുന്നത്. ഒന്ന് മനസ്സുവെച്ചാൽ നമ്മുടെ വീടുകളിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

പത്തലിനാവശ്യമായ ചേരുവകൾ

  1. പുഴുങ്ങലരി – ഒന്നര കപ്പ്
  2. തേങ്ങ – അര കപ്പ്
  3. ചെറിയുള്ളി – 10 എണ്ണം
  4. ജീരകം – അര ടീസ്പൂൺ
  5. അരിപ്പൊടി – ആവശ്യത്തിന്
  6. ഉപ്പ് – ആവശ്യത്തിന്

അരപ്പിന്‍റെ ചേരുവകൾ

  1. തേങ്ങാ – അര മുറി
  2. ജീരകം – അര ടീസ്പൂൺ
  3. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മറ്റു ചേരുവകൾ

  1. സവാള – 2 എണ്ണം
  2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂൺ
  3. പച്ചമുളക് – 2 എണ്ണം
  4. തക്കാളി – 1 എണ്ണം
  5. ചിക്കൻ / ഇറച്ചി – അര കിലോ
  6. കറുവപ്പട്ട – ആവശ്യത്തിന്
  7. ഗരം മസാല – 1 ടീസ്പൂൺ
  8. കുരുമുളകുപൊടി – അര ടീസ്പൂൺ
  9. മല്ലിപ്പൊടി – 1 ടീസ്പൂൺ
  10. മുളക്‌പൊടി – 1 ടീസ്പൂൺ
  11. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  12. ഉപ്പ് – പാകത്തിന്
  13. കറിവേപ്പില – ആവിശ്യത്തിന്
  14. എണ്ണ – ആവിശ്യത്തിന്

പടിപടിയായി പാചകം ചെയ്യാം
അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ഒന്നര കപ്പ് അരി, അരക്കപ്പ് തേങ്ങ, 6 ചെറിയ ഉള്ളി,അര സ്പൂൺ ജീരകം എന്നിവ മിക്സിയിൽ ചെറിയ തരിയോടു കൂടി അരച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് പത്തിരിക്ക് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ചെറുതായി കൈകൊണ്ട് അമർത്തി കോയിൻ ഷേപ്പ് വരുത്തുക. അപ്പച്ചെമ്പിൽ വെള്ളം വച്ച് ആവിയിൽ 20 മിനിറ്റെങ്കിലും വേവിക്കുക.


രണ്ടാമതായി അരപ്പ് തയ്യാറാക്കാം. ഒരു പാൻ വച്ച് അരമുറി തേങ്ങ ചിരവിയത്, അരസ്പൂൺ ജീരകം, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ വറുക്കുക. ഇതു തണുത്തശേഷം നല്ലതുപോലെ അരച്ചെടുക്കുക.
മൂന്നാം ഘട്ടത്തിൽ ഒരു പാൻ വെച്ച് അതിൽ എണ്ണയൊഴിക്കുക. എണ്ണ ചൂടായ ശേഷം അരിഞ്ഞെടുത്ത രണ്ടു സവാള ചേർത്ത് നല്ലതുപോലെ വഴറ്റുക.അതിലേക്ക് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് രണ്ടുപച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളകുപൊടി എന്നിവയും ചേർത്ത് നന്നായി ഇളക്കുക.പച്ചമണം മാറി കഴിഞ്ഞാൽ തക്കാളി ചേർത്തുകൊടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളകുപൊടി, കറുവപ്പട്ടയുടെ ഒരു ഇല, ഉപ്പ് എന്നിവ ചേർക്കുക. നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ പകുതി വേവിച്ചു വെച്ചിരിക്കുന്ന അര കിലോ ചിക്കനും ചേർത്തിളക്കുക. ഇതിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് മൂടിവെച്ചു 10 മിനിറ്റ് വേവിക്കുക.


തയ്യാറാക്കിവെച്ചിരിക്കുന്ന അരപ്പ് പത്തു മിനിറ്റിനുശേഷം ഇതിലേക്ക് ചേർക്കുക. വീണ്ടും അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.അരപ്പു കുറുകി വരുമ്പോൾ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന പത്തൽ ചേർക്കുക. ഇതു നല്ലപോലെ ഇളക്കണം. അരപ്പു കുറുകി വന്നാൽ ആവശ്യത്തിനു മല്ലിയില ചേർക്കാം. ഇതോടെ… രുചിയൂറുന്ന കുഞ്ഞിപ്പത്തൽ റെഡി… വൈകുന്നേരങ്ങളിൽ ചായക്കൊപ്പമോ രാവിലത്തെ പലഹാരമായിട്ടോ എങ്ങനെ വേണമെങ്കിലും ഇതുകഴിക്കാം ചിക്കന് പകരമായി ഉരുളക്കിഴങ്ങിട്ടും, മീൻ ചേർത്തും കുഞ്ഞിപത്തൽ ഉണ്ടാക്കാം വെജിറ്റേറിയൻസിനും,നോൺ വെജിറ്റേറിയൻസിനും ഒരേ പോലെ ഇഷ്ട്ടപെടുന്ന രുചിക്കൂട്ടാണ്‌ കക്ക റൊട്ടി അഥവാ കുഞ്ഞി പത്തലിന്‍റേത്.