അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

0

ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി ഷണ്‍മുഖം (36) ആണ് മരിച്ചത്. ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ സിസ്റ്റം അഡ്‍മിനിസ്‍ട്രേറ്ററായ ശ്രീജേഷ് ഒരാഴ്ചത്തെ അവധിയിലാണ് നാട്ടിലെത്തിയത്. തിരിച്ച് ഖത്തറിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം.

ഫെബ്രുവരി അവസാന വാരത്തിലാണ് ശ്രീജേഷ് നാട്ടില്‍ എത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ദോഹയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ വൈകുന്നേരം ആറ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12 വര്‍ഷമായി ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പള്ളിക്കര ഷണ്‍മുഖന്‍ ആണ് പിതാവ്. മാതാവ് – ശ്രീമതി. ഭാര്യ – അഞ്ജലി. മകന്‍ – സായി കൃഷ്ണ. സഹോദരങ്ങള്‍ – അനില, ശ്രീഷ.