പകയും ചതിയും പോരാട്ടവും ജീവത്യാഗങ്ങളുമൊക്കെ കൊണ്ട് സംഭവ ബഹുലമായ മാമാങ്ക ചരിത്രത്തിന്റെ സിനിമാവിഷ്ക്കാരം എന്ന നിലക്ക് ‘മാമാങ്കം’ നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത സിനിമയെന്ന് കുറ്റം പറയാമെങ്കിലും മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യപ്പെടേണ്ട ഒരു സിനിമയല്ല.

പോരായ്മകളും മികവുകളുമുള്ള ഒരു സിനിമയെ പോരായ്മാകളെ കൊണ്ട് മാത്രം വിലയിരുത്തുന്ന ആസ്വാദന ശൈലിയോട് യോജിപ്പില്ലാത്തത് കൊണ്ടാകാം മാമാങ്കം വ്യക്തിപരമായി എനിക്ക് പൂർണ്ണ നിരാശയായിരുന്നില്ല.

ഒരു സിനിമ എന്ന നിലക്ക് അനുഭവപ്പെടുത്തലുകളെക്കാൾ ഓർമ്മപ്പെടുത്തലുകളാണ് മാമാങ്കം സമ്മാനിക്കുന്നത്. തോറ്റു പോയവരുടെയും ആർക്കൊക്കെയോ വേണ്ടി ജീവൻ കളഞ്ഞ വള്ളുവനാടിന്റെ ചാവേറുകളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലുകൾ.

ചരിത്രമറിയാതെ സിനിമ കാണുന്നവനും സിനിമയിലേക്ക് മുഴുകി ചേരാൻ തക്ക വിധത്തിൽ കുറഞ്ഞ വരികൾ കൊണ്ട് ഗംഭീര ശബ്ദ വിവരണത്തോടെ കഥാ പശ്ചാത്തലം മനോഹരമായി വരച്ചിടുന്നുണ്ട് രഞ്ജിത്ത്.

ആൾക്കൂട്ടവും ആനയും കൂടാരങ്ങളുമൊക്കെയായി ഉത്സവഭരിതമായ മഹാ മാമാങ്ക പട്ടണവും അംഗ രക്ഷകരുമൊത്ത് നിലപാട് തറയിലേക്കുള്ള സാമൂതിരിയുടെ വരവുമൊക്കെ കൂടി മിഴിവേകുന്ന സ്‌ക്രീൻ കാഴ്ചകളോടെയുള്ള തുടക്കം നന്നായിരുന്നു. അതേ സമയത്തു തന്നെയാണ് മമ്മുക്കയുടെ ചന്ദ്രോത്ത് വലിയ പണിക്കരെ കയറിൽ കെട്ടി പൊക്കി അവതരിപ്പിച്ചത് കല്ല് കടിയായി മാറുന്നതും. അത് മമ്മുക്ക എന്ന നടന്റെ കുഴപ്പമല്ല അദ്ദേഹത്തിന്റെ പ്രായത്തെയും പരിമിതികളെയും മറന്നു കൊണ്ട് അത്തരമൊരു സീൻ അവതരിപ്പിക്കുന്നതിൽ സംവിധായകന് പറ്റിയ തെറ്റ് മാത്രം.

അവതരണ പരിമിതികൾക്കും പോരായ്മകൾക്കും ഇടയിലും മമ്മുട്ടി എന്ന നടൻ അപ്പോഴും ചന്ദ്രോത്ത് വലിയ പണിക്കാരായി മാറുന്നത് കാണാതെ പോകാനുമാകില്ല. എന്നാൽ മമ്മുട്ടിയിലെ നടനെ പൂർണ്ണമായും പരാജയപ്പെടുത്തിയ ഗെറ്റപ്പ് ആയിരുന്നു സ്ത്രൈണതയുള്ള കുറുപ്പച്ചന്റെ വേഷം. ആ കഥാപാത്രത്തിന്റെ മാനറിസം അളന്നെടുത്തു അവതരിപ്പിക്കാനും പ്രകടനത്തിൽ ആവശ്യമായ constancy നിലനിർത്താനും അദ്ദേഹത്തിന്റെ ആകാരവും ശബ്ദവും പ്രായവുമൊക്കെ വിലങ്ങു തടിയായി മാറി.

ഒരുപാട് കാലത്തെ അന്വേഷണവും പരിശ്രമവും കൊണ്ട് സജീവ് പിളള എഴുതിയുണ്ടാക്കിയ മാമാങ്കത്തിന്റെ തിരക്കഥയും ഇപ്പോഴത്തെ തിരക്കഥയും എത്രത്തോളം വ്യത്യാസമുണ്ട് എന്നറിയില്ല. എങ്കിലും പറയാം, ചരിത്രം പറഞ്ഞു തുടങ്ങി ചാവേറിന്റെ ജീവിതവും പോരാട്ടവും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന തിരക്കഥയുടെ പ്രധാന രസം കൊല്ലികളായി മാറുന്നത് സമർ കോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണി മായയുടെയും ഉണ്ണി നീലിയുടെയും കൂത്ത് മാളികയിൽ സിദ്ധീഖിന്റെ തലച്ചെന്നോർ എത്തുന്നിടത്തു നിന്നാണ്.

സിനിമയുടെ വലിയ ഒരു ഭാഗം തലച്ചെന്നോറിന്റെ സമർ കോയ കേസ് അന്വേഷണത്തിന് വേണ്ടി മാത്രമായി മാറ്റി നിർത്തിയപ്പോൾ അത് വരെ സിനിമക്കുണ്ടായ വേഗവും ഉദ്വോഗവും നഷ്ടപ്പെട്ടു എന്ന് പറയാം. നല്ല നടനെന്ന ഖ്യാതി ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് തലച്ചെന്നോറിനെ ഗംഭീരമാക്കാൻ സിദ്ധീഖിനും സാധിക്കാതെ പോകുന്നു.

വള്ളുവനാടിന്റെ അഭിമാനം കാക്കാൻ ചാവേറായി മാമാങ്കത്തിന് പോകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ വൈകാരിക തലങ്ങളിലേക്ക് ആഴത്തിലേക്ക് ചെന്നെത്തുന്നില്ല സിനിമ. അക്കാരണം കൊണ്ട് തന്നെ ഗംഭീരമാകുമായിരുന്ന പല സീനുകളും വെറും കാഴ്ചകളിലേക്ക് ഒതുങ്ങി പോകുന്നുമുണ്ട്.

കഥാപരമായാലും പ്രകടനം കൊണ്ടായാലും ഒരു മമ്മൂട്ടി സിനിമ എന്ന ലേബൽ ‘മാമാങ്ക’ത്തിന് ബാധ്യതയാണ്. ആ ലെവലിൽ നോക്കുമ്പോൾ മാമാങ്കം ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കരുടെയും മാസ്റ്റർ അച്ചുതന്റെ ചന്ദ്രോത്ത് ചന്തുണ്ണിയുടെയും മാത്രമാണ്.

കുറഞ്ഞ സീനുകളിൽ വന്നു പോകുന്ന സുരേഷ് കൃഷ്ണയുടെ പോക്കറും മണിക്കുട്ടന്റെ മൊയീനും സ്‌ക്രീൻ പ്രസൻസ് കൊണ്ട് മാമാങ്കത്തെ പിന്തണക്കുന്നുണ്ട്. ആ കഥാപാത്രങ്ങൾക്ക് അർഹിക്കുന്ന സ്‌പേസ് തിരക്കഥയിൽ ഇല്ലാതെ പോയത് ദുഃഖകരമായിരുന്നു. മണികണ്ഠൻ ആചാരിയുടെ കുങ്കനും കൂട്ടത്തിൽ തന്റേതായ രീതിയിൽ അടയാളപ്പെടുന്നുണ്ട്.

അവസാന ഭാഗങ്ങളിലെ ആക്ഷൻ സീനുകളും വെട്ടും വാൾ പയറ്റുമൊക്കെ സിനിമയുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്. അവിടെയും മാസ്റ്റർ അച്ചുതൻ മറ്റാരേക്കാളും മികച്ചു നിൽക്കുന്നു. ഒരർത്ഥത്തിൽ മാമാങ്കം സിനിമയുടെ മുഴുവൻ ഭാരവും അച്ചുതന്റെ ചുമലിലായിരുന്നു എന്ന് വേണം പറയാൻ.

ഒരു വടക്കൻ വീരഗാഥയും ബാഹുബലിയുമൊക്കെ കണക്കു കൂട്ടി കാണേണ്ട സിനിമയല്ല മാമാങ്കം. തിയേറ്റർ കാഴ്ചകൾക്കുമപ്പുറം ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലുകളും സർവ്വോപരി ചരിത്രത്തിൽ രേഖപ്പെടുത്താത്ത വിധം പലരുടെയും പകക്കും ആചാരങ്ങൾക്കും വേണ്ടി ജീവൻ കളഞ്ഞ ചാവേറുകളുടെ സ്മരണയുമാണ് മാമാങ്കം.

കുടിപ്പകയും യുദ്ധങ്ങളുമൊക്കെ കൊണ്ട് മനുഷ്യൻ എന്ത് നേടി എന്ന ചോദ്യം ഉയർത്തി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ ആ തലത്തിൽ അർത്ഥവത്തായി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.

ഒരു ചരിത്രം വേണമെങ്കിൽ സിനിമയാക്കാം എന്നാൽ ആ സിനിമ ഒരു ചരിത്രമായി മാറാൻ അതിന് ഒരുപാട് മികവുകൾ വേണ്ടതുണ്ട് . മാമാങ്കത്തിന് ഇല്ലാതെ പോയതും അതൊക്കെ തന്നെ.

ചതിയിൽ തോറ്റു പോയവരുടെയും വീണു പോയവരുടെയും കഥ പറഞ്ഞ മാമാങ്കത്തിന് സജീവ് പിള്ള എന്ന കലാകാരനോട് ചെയ്ത ചതിയുടെ ഫലം അനുഭവിക്കേണ്ടി വന്നതാകുമോ എന്ന സംശയത്തിനു പോലും പ്രസക്തിയുണ്ട്.