മഞ്ഞനാരകം: മലയാളത്തിലെ ആദ്യ സുഗന്ധം പരത്തുന്ന നോവൽ

1

കൊച്ചിയില്‍ നടക്കുന്ന കൃതി സാംസ്‌കാരികോത്സവത്തിൽ ഇത്തവണ താരം മഞ്ഞനാരകം എന്ന നോവലാണ്. പുസ്തകം തുറക്കുമ്പോഴുണ്ടാകുന്ന നാരകത്തിന്റെ സുഗന്ധമാണ് ഈ നോവലിലെ മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സേവ്യര്‍ ജെയുടെ പുതിയ നോവല്‍ മഞ്ഞ നാരകമാണ് നാരകഗന്ധവുമായി പുറത്തിറങ്ങിയത്. ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ നോവലിന്റെ പേരുള്ള മണവുമായി പുറത്തിറങ്ങുന്ന പുസ്തകവും ഇതുതന്നെയാവും. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത കെമിക്കലാണ് നാരക ഗന്ധത്തിനു വേണ്ടി ഉപയോഗിച്ചതെന്ന് പുസ്തകത്തിന്റെ പ്രസാധകരായ റെക്ടസ് ക്രിയേറ്റീവ് വ്യക്തമാക്കി.

ഇനിയുമുണ്ട് നോവലിന് പ്രത്യേകതകള്‍. പ്രശസ്ത ഗ്രീക്ക് നോവലിസ്റ്റും ചിന്തകനുമായ നിക്കോസ് കസന്ത് സാക്കിസ് രചിക്കുന്ന നോവല്‍ എന്ന ഭാവനയിലാണ് സേവ്യര്‍ ജെ മഞ്ഞനാരകം എഴുതിയിരിക്കുന്നത്. 1957ല്‍ അന്തരിച്ച കസന്ത് സാക്കിസിന്റെ കൃതികള്‍ പ്രശസ്തങ്ങളാണ്. കസന്ത് സാക്കിസ് തന്റെ മാസ്റ്റര്‍പീസായ സോര്‍ബ ദ ഗ്രീക്കിനുശേഷം എഴുതാന്‍ ആഗ്രഹിക്കുന്നത് എന്ന സങ്കല്‍പത്തിലാണ് നോവലിന്റെ രചന.

മഞ്ഞ നാരകത്തിന്റെ പ്രത്യേകത കേട്ടറിഞ്ഞ് നിരവധിപേര്‍ പുസ്തകം കാണാനും വാങ്ങാനുമായി കൃതി ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്.