മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു

0

ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ മന്‍മോഹന്‍ സിങ്ങിനു സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മന്‍മോഹന്റെ മക്കള്‍ മുമ്പ് തന്നെ എസ്പിജി സുരക്ഷ വേണ്ടെന്നു വച്ചിരുന്നു. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. മന്‍മോഹന്‍ സിങിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക പ്രതിവര്‍ഷം പുനഃപരിശോധിക്കാറുണ്ട്. ഇൗ അവസരത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ ഒഴിവാക്കിയതെന്നാണു റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കേണ്ട രാഷ്ട്രീയനേതാക്കള്‍ക്ക് എസ്പിജിയാണ് സംരക്ഷണം ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍ , പ്രിയങ്ക എന്നിവര്‍ക്ക് എസ്പിജി സുരക്ഷയാണു നല്‍കുന്നത്. പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവെഗൗഡയുടെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണി കണക്കിലെടുത്താണു മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കിയിരുന്നത്.