വ്യത്യസ്തനാം ഹല്‍ധാര്‍ നാഗ്

0

മൂന്നാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള, നിര്‍ധന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന, ഇത് വരെ ചെരുപ്പ് പോലും ഉപയോഗിച്ചിട്ടില്ലാത്ത ഒരാള്‍ പത്മ പുരസ്കാര വേദിയില്‍, ഒരുപക്ഷെ ഇന്നത്തെ കാലത്ത് അപ്രാപ്യമായൊരു നേട്ടം കൈവരിക്കാന്‍ ശ്രീ ഹല്‍ധാര്‍ നാഗിന് കഴിഞ്ഞത് ലോക പരിജ്ഞാനം ഒന്ന് കൊണ്ട് മാത്രമാകാം. സാഹിത്യ സൃഷ്ടികള്‍ക്കായുള്ള പത്മശ്രീ പുരസ്കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കയ്യില്‍ നിന്നും ഹല്‍ധാര്‍ വാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരുടെ കണ്ണ് നിറഞ്ഞിരിക്കാം ഒരു പക്ഷെ ഈ ആരാധകര്‍ തന്നെയാവാം അദ്ദേഹത്തിന്റെ രചനകളുടെ പ്രചോദനവും.

കോസലി ഭാഷയിലാണ് ഹല്‍ധാര്‍ നാഗിന്റെ രചനകള്‍. കോസലി ഭാഷയെ നിലനിര്‍ത്തുന്നതില്‍ നല്‍കുന്ന സംഭാവനയും, സാഹിത്യ സൃഷ്ടികളും കണക്കിലെടുത്താണ് ഈ വര്‍ഷത്തെ പത്മശ്രീ പുരസ്കാരത്തിനു ഇദ്ദേഹം അര്‍ഹനായത്.

ഓഡീഷയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച ഹല്‍ധാര്‍ നാഗിന് തന്റെ കുഞ്ഞു വയസ്സിലെ അച്ഛന്‍ നഷ്ടമായി. തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതെ മിഠായി കടയിലും, പിന്നീടു പാത്രം കഴുകുന്ന ജോലിയുമായി ജീവിച്ച ഹല്‍ധാര്‍ തൊണ്ണൂറുകളിലാണ് പഴയ ആല്‍മരം എന്നര്‍ത്ഥം വരുന്ന തലക്കെട്ടോടെയുള്ള ഒരു കോസലി കവിത എഴുതുന്നത്. പിന്നീടു നിരവധി കവിതകളും, നാടോടി കഥകളും രചിച്ച ഇദ്ദേഹം ലോക് കബി രത്ന എന്നാണ് അറിയപ്പെടുന്നത്.

തന്റെ കവിതകള്‍ കാണാതെ, മറക്കാതെ ചൊല്ലാനും അറുപത്തിയാറ് വയസ്സുള്ള ഹല്‍ധാര്‍ നാഗിന് കഴിയും. പ്രകൃതി, മതങ്ങള്‍, പുരാണങ്ങള്‍, തുടങ്ങി പലതും അദ്ദേഹത്തിന്റെ കവിതകള്‍ക്ക് വിഷയമാകുന്നു. മുന്‍പ് ബി ബി സി ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ഫിലിം ചെയ്തിട്ടുണ്ട്. അഞ്ചു പി എച്ച് ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഈ മൂന്നാം ക്ലാസ്സുകാരന്‍ പ്രബന്ധ വിഷയവും ആയിട്ടുണ്ട്.