മീ ടു വെളിപ്പെടുത്തല്‍; ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി

0

മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ ഗായികയും 
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നും തന്നെ പുറത്താക്കിയ വിവരം ചിന്മയി തന്നെയാണ് അറിയിച്ചിരിക്കുന്നത്. യാതൊരു അറിയിപ്പും കൂടാതെയാണ് തനിക്കെതിരേയുള്ള നടപടിയെന്നും ചിന്മയി പറയുന്നു.

യൂണിയനില്‍ അംഗമല്ലാത്തൊരാള്‍ക്ക് തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ചിന്മയിക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമകള്‍ കിട്ടില്ല. 
രണ്ടു വര്‍ഷത്തെ അംഗത്വ കുടിശ്ശികയാണ് കാരണമായി ഡബ്ബിംഗ് യൂണിയന്‍ പറയുന്നത്. കുടിശ്ശിക വിവരം പറഞ്ഞ് ഇക്കാലത്തിനിടയില്‍ ഒരു നോട്ടീസ് പോലും തനിക്ക് അയച്ചില്ലെന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിവരം നല്‍കുകയോ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തരികയോ ചെയ്യാതെയാണ് ഈ പുറത്താക്കല്‍ എന്നു ചിന്മയി പറയുന്നിടത്താണ് ഒരു പ്രതികാര നടപടിയായി ഇത് മാറുന്നത്.

96 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിത്രത്തിലെ ഗാനങ്ങളില്‍ അധികവും പാടിയതും ചിന്മയായി ആയിരുന്നു. ഗായിക എന്ന നിലയിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഒരുപോലെ പ്രശസ്തയാണ് ചിന്മയി. 
പ്രശസ്ത നടന്‍ കൂടിയായ രാധ രവിയാണ് ഡബ്ബിംഗ് യൂണിയന്റെ പ്രസിഡന്റ്. ചിന്മയി വിഷയത്തില്‍ പ്രതികരിക്കാന്‍ രാധ രവി തയ്യാറായിട്ടില്ല. മീ ടു ആരോപണം നേരിട്ട വ്യക്തി കൂടിയാണ് രാധ രവി.

തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ട് 
 കവിയരസന്‍ വൈരമുത്തുവിനെതിരേയായിരുന്നു ചിന്മയിയുടെ മീ ടൂ വെളിപ്പെടുത്തല്‍.  ഇതിനു പിന്നാലെയാണ് ഈ പുറത്താക്കല്‍ എന്നതും ശ്രദ്ധേയം. 

തൃഷ, നയന്‍താര, സമാന്ത, അനുഷ്‌ക ഷെട്ടി, പ്രിയങ്ക ചോപ്ര, അമല പോള്‍, തമന്ന, കാജള്‍ അഗര്‍വാള്‍, ആമി ജാക്‌സന്‍ തുടങ്ങി ഒട്ടേറെ നടിമാരുടെ ശബ്ദമാണ് ചിന്മയി. അടുത്തിടെ സൂപ്പര്‍ ഹിറ്റായ 96 എന്ന ചിത്രത്തിലൂടെ ചിന്മയിയുടെ ജനപ്രീതി ഏറെ വര്‍ധിച്ചിരുന്നു. ചിത്രത്തില്‍ നായിക തൃഷയിലൂടെ നമ്മള്‍ കേട്ടത് ചിന്മയിയുടെ ശബ്ദമായിരുന്നു.