കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന് സ്ഥിരീകരണം

0

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണെന്നു കരുതുന്ന വിമാനാവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് ആണ് വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് അറിയിച്ചത്.

2014 മാര്‍ച്ച് 8 നാണ് 239 യാത്രക്കാരുമായി എംഎച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമായത്. 2015 ജൂലൈയില്‍ വിമാനത്തിന്റെ ചെറിയ ഒരു ഭാഗം ഫ്രാന്‍സിന്റെ അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍നിന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ടാന്‍സാനിയയില്‍ നിന്നും വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.വിമാനത്തിന് എന്തു സംഭവിച്ചുവെന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പരിശോധനകള്‍ തുടരുമെന്നും മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.

ടാന്‍സാനിയയിലെ പെമ്പ തീരത്തുനിന്നാണ് അവശിഷ്ടം കണ്ടെടുത്തത്. ഇവയില്‍ വിമാനത്തിന്റെ പാര്‍ട് നമ്പരും, തീയതി സ്റ്റാമ്പും മറ്റു തിരിച്ചറിയല്‍ അടയാളങ്ങളും കണ്ടെത്തിയതായി മലേഷ്യന്‍ ഗതാഗതമന്ത്രി അറിയിച്ചു.ഇതോടെ വിമാനം കടലില്‍ തന്നെ തകര്‍ന്നു വീണതാണെന്നും വിമാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളും ഏതെങ്കിലും തീരത്തടിഞ്ഞിട്ടുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

2015 ജൂലൈയില്‍ ഫ്രഞ്ച് ദ്വീപില്‍ നിന്നും കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ MH 370ന്റേതാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. സമാനമായ രീതിയില്‍ മൊസംബിക്ക്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും വിമാനവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.  239 യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം കാണാതായത്. ക്വാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.