മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്.!

0

എത്ര വട്ടം കണ്ടാലും കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് ലാലേട്ടന്റെ സ്പടികം. മലയാള സിനിമാ പ്രേമികൾ എക്കാലവും മനസ്സിൽ കൊണ്ട് നടക്കുന്ന സിനിമ. ചിത്രം പുറത്തിറങ്ങിയിട്ട് 26 വർഷം പിന്നിടുമ്പോൾ മോഹൻലാൽ എന്ന മഹാനടൻ അവിസ്മരണീയമാക്കിയ മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും മലയാളികൾക്ക് അഭിമാനവും ഹരവുമാണ്.

ഇപ്പോഴിതാ, സ്‌ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രനെ സ്നേഹം അറിയിക്കുകയാണ് മോഹൻലാൽ. ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ്’ എന്ന് മോഹൻലാൽ തന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നിയെന്ന് ഭദ്രൻ പറയുന്നു.

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ “മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് “എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുതായിരിക്കും,” മോഹൻലാലിന്റെ സന്ദേശം പങ്കുവച്ച് ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

1995 മാർച്ച് 30 നാണ് സ്‌ഫടികം പുറത്തിറങ്ങിയത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ റീ റിലീസ് ചെയ്യാൻ പോവുകയാണെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.