ഒറ്റവാക്കിൽ ദുഖം കടിച്ചമർത്തി പൃഥ്വിരാജ്; സച്ചിയുടെ വേര്‍പാടില്‍ തകര്‍ന്ന് സിനിമാലോകം

0

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിട പറയിലില്‍ പകച്ച് സിനിമാലോകം. ‘പോയി’ എന്ന ഒറ്റവാക്കില്‍ സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. ഈ ഒരുവാക്കിനൊപ്പം ച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.

പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’

മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ. അവതരണശൈലി കൊണ്ടും സംവിധാന മികവുകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച പ്രിയ കലാകാരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

ഒരിക്കലും മറക്കാനാകാത്ത സഹോദരന്റെ വേര്‍പാടില്‍ നടന്‍ ദിലീപും കണ്ണീര്‍ അഞ്ജലികളർപ്പിച്ചു. “എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു” എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.

മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. എന്നാണ് നടന്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന കലാകാരന്‍ സച്ചിയുടെ വിടവാങ്ങല്‍ ഞെട്ടിപ്പിക്കുന്നതാണ്… ആദരാഞ്ജലികള്‍ നേരുന്നു. സംവിധായകന്‍ വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സച്ചിയ്ക്ക് അനുശോചനം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ്.

നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടി… പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നാണ് സച്ചിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടന്‍ നടി മഞ്ജു വാര്യര്‍ കുറിച്ചു.

നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടി. ഒരുപാട് നേരത്തെയാണ് ഈ യാത്ര. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരന്‍. പ്രതിഭയാര്‍ന്ന സംവിധായകന്‍. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴന്‍. പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും. എന്ന് സംവിധായകന്‍ ഷാജി കൈലാസ് കുറിച്ചു.

ഒരു പാട് ചിരിയും ചിന്തയും ബാക്കിവച്ച്.. എന്റെ അനുജൻ പോയി ..വിങ്ങുന്ന മനസ്സിൽ നിന്ന് ഈ പ്രതിഭയ്ക്ക് …ആദരാഞ്ജലികൾ…മുകേഷിന്റെ വാക്കുകൾ.

ഇങ്ങനെ വെള്ളിത്തിരയുടെ അകത്തും പുറത്തുമായുള്ള നിരവധിപേരാണ് മലയാളത്തിന്റെ ഹിറ്റ് മേക്കർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.