ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക് കുത്തനെ കൂടുന്നു

0

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമൊഴുക്ക് കുത്തനെ കൂടുന്നു. അമേരിക്ക‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോഡ് ഇടിവും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റവുമാണ് പ്രവാസി നിക്ഷേപം കൂടാന്‍ കാരണം.

ലോക ബാങ്കിന്‍റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം പ്രവാസി നിക്ഷേപം 13% ഉയര്‍ന്ന് 13,000 കോടി ഡോളറായി (11 ലക്ഷം കോടി രൂപ). ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 3.5 ശതമാനമാണിത്. 2022ല്‍ നിക്ഷേപ ഒഴുക്ക് 11,120 കോടി ഡോളറായിരുന്നു. പ്രവാസി പണമൊഴുക്കില്‍ ഇന്ത്യ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്താണ്. മെക്സികോ, ചൈന എന്നിവയാണ് തൊട്ടുപിന്നില്‍. പ്രതിവര്‍ഷം 6700 ഡോളര്‍ വരുമാനമാണ് മെക്സിക്കോയില്‍ ലഭിക്കുന്നത്. ചൈനയിലേക്കുള്ള പ്രവാസി നിക്ഷേപം 5000 കോടി ഡോളറാണ്.

ദക്ഷിണേഷ്യയിലേക്ക് എത്തുന്ന മൊത്തം പ്രവാസി പണത്തില്‍ 66 ശതമാനമാണ് ഇന്ത്യയുടെ വിഹിതമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ 78.5 ശതമാനം വർധനയാണുണ്ടായത്. 2013 ല്‍ 7038 കോടി ഡോളറാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത്.

ഇന്ത്യന്‍ പ്രവാസികളേറെയുള്ള അമെരിക്കയില്‍ നിന്നാണ് രാജ്യത്തേക്ക് ഏറ്റവുമധികം പ്രവാസി നിക്ഷേപം എത്തുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും വലിയ തോതില്‍ പണം ഒഴുകിയെത്തുന്നു. മൊത്തം പ്രവാസി നിക്ഷേപത്തില്‍ 18 ശതമാനവും ഗള്‍ഫ് മേഖലയാണ് സംഭാവന ചെയ്യുന്നത്.

വികസിത രാജ്യങ്ങളിലെ വൈദഗ്ധ്യമേറെയുള്ള ജോലികളില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം കൂടുകയാണ്. ഇന്ത്യയില്‍ നാണയപ്പെരുപ്പം കുറഞ്ഞ് നിൽക്കുന്നതും നിക്ഷേപങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നതും പ്രവാസി നിക്ഷേപ ഒഴുക്കിനെ സഹായിക്കുന്നെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.