മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ്.മണി അന്തരിച്ചു

0

തിരുവനന്തപുരം: കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററും കേരള കൗമുദി മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് കുമാരപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍ നടക്കും.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്‌റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ. സംസ്കാരം ഇന്ന് വെെകിട്ട് അഞ്ച് മണിക്ക് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും.

കേരളകൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെയും മാധവിയുടെയും മകനാണ്. 1941 നവംബര്‍ നാലിന് കൊല്ലത്താണ് ജനനം. പേട്ട ഗവണ്‍മെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.

1961ല്‍ കേരളകൗമുദിയിലൂടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍നിന്ന് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. മാധ്യമരംഗത്തെ മികവിന് 2018ലെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ എം.എസ്. മധുസൂദനന്‍, എം.എസ്. ശ്രീനിവാസന്‍, എം.എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്. കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി സഹോദരപുത്രനാണ്.