ലോക്ക് ഡൗൺ കാലത്ത് മലേഷ്യയിൽ വീട്ടിലിരുന്ന് ആരോഗ്യം ശ്രദ്ധിക്കാം; സൗജന്യ ഓൺലൈൻ വൈദ്യസഹായവുമായി ‘അമ്മ’

0

ക്വലാലംപൂർ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മലേഷ്യയിൽ വീട്ടിലിരുന്ന് ആരോഗ്യം ശ്രദ്ധിക്കാം. ആശുപത്രിയിൽ ചികിത്സ നേടാൻ ഭീതിപ്പെടുന്ന പ്രവാസികളുൾപ്പെടുന്ന മലയാളികൾക്ക് ഓൾ മലേഷ്യൻ മലയാളി അസോസോയിയേഷന്റെ (അമ്മ) നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങി.

രോഗവിവരങ്ങൾ ബന്ധപ്പെട്ട ഡോക്ടറെ വാട്സാപ്പ് മെസ്സേജിലൂടെയോ ശബ്ദസന്ദേശം വഴിയോ അറിയിച്ചു കഴിഞ്ഞാൽ ഡോക്ടർ രോഗിയെ ഉടനെ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് വഴി രോഗ ലക്ഷണങ്ങൾ വിലയിരുത്തിയതിനു ശേഷം ആവശ്യമുള്ള മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്യും. പനി, ജലദോഷം, തലവേദന, ചുമ തുടങ്ങി ഒട്ടുമിക്കയാളുകളിലും സാധാരണയായി കണ്ടു വരുന്ന രോഗങ്ങൾക്ക് മാത്രമാണ് നിലവിൽ ഓൺലൈൻ വൈദ്യസഹായം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കോവിഡ്-19 സ്ഥിതീകരിച്ച രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതായി സംശയിക്കുന്നവർക്ക് ബന്ധപ്പെട്ട ഡോക്ടർമാരുമായി സംവദിക്കാൻ പ്രത്യേക കോൾ സെന്ററും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ വാങ്ങിക്കാൻ പ്രയാസമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അത്തരക്കാരെ സേവിക്കാനായി പ്രവാസി മലയാളി അസോസോയിയേഷൻ, കെഎംസിസി തുടങ്ങിയ പ്രവാസി സംഘടനകളുടെ ഭാരവാഹികളും സന്നദ്ധരാണ്. അമ്മയും മൈത്രി ഹെൽപ്പ് ഡെസ്കും സംയുക്തമായി നടത്തുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.