5ജി കൊറോണക്ക് കാരണമെന്ന് വാർത്ത; മൊബൈൽ ടവറുകൾ തീയിട്ടു; ശുദ്ധ അസംബന്ധമെന്ന് യുകെ

0

ലണ്ടൻ: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നുംയുകെ.

കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച വ്യാജവാര്‍ത്തയെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് യുകെ മന്ത്രിമാർ പ്രതികരണവുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോടുള്ള ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കൾ ഗോന്റെ പ്രതികരണം ഇങ്ങനായിരുന്നു- “അത് വെറും വിഡ്ഢിത്തമാണ്. വളരെ അപകടകരമായ വിഡ്ഢിത്തവുമാണത്”.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു. “5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്”, പോവിസ് പറഞ്ഞു.

“മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സഹായത്തോടെയാണ്”. ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.