രാജ്യസഭയും കടന്ന് മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍; ഇനി റോഡിൽ ‘ഷോ’ കാണിച്ചാൽ കിട്ടുന്നത് മുട്ടൻ പണി

0

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ഇനി രാഷ്‍ട്രപതി കൂടി ഒപ്പു വെക്കുന്നതോടെ ബില്‍ നിയമമായി മാറും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടി വരെ ഉയര്‍ത്തിക്കൊണ്ടുള്ളതാണ് ബില്‍. ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 108 പേര്‍ പിന്തുണച്ചു 13 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. പുതിയ നിയമം അനുസരിച്ച് നിരത്തുകളിലുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും വാഹനം ഓടിച്ച ഡ്രൈവർ മാത്രമാവില്ല ഇനി കുറ്റക്കാർ. റോഡ് നിർമാണത്തിലെ അപാകത കാരണമാണ് അപകടമുണ്ടാകുന്നതെങ്കില്‍ റോഡ് നിര്‍മ്മിച്ച കരാറുകാരനും കുടുങ്ങും. ഇത്തരം കേസുകളില്‍ ഒരുലക്ഷം രൂപവരെ കരാറുകാരൻ പിഴ അടക്കേണ്ടിവരും. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപയാണ് പിഴ.

പ്രായപൂർത്തിയെത്താത്തവർ വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.

ഇത് കേവലം ഒരു മോട്ടോര്‍ വാഹന ഭേദഗതി ബില്ലായി കാണുന്നില്ലന്ന് കേന്ദ്ര-ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ഇത് അപകടങ്ങളില്‍ കുറവുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ഈ ബില്‍ പാസാക്കുന്നത് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയാണെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവക്ക് കോണ്‍ട്രാക്ടര്‍മാര്‍ക്കൊപ്പം ചിലപ്പോള്‍ നഗരാധികൃതരും ഉത്തരവാദികളാകും. ഇത്രകാലവും ഇങ്ങനെയൊരു വകുപ്പേ ഉണ്ടായിരുന്നില്ല. വാഹനത്തിന്‍റെ നിര്‍മ്മാണത്തിലെയോ സാങ്കേതികതയിലേയോ പിഴവാണ് അപകട കാരണമെങ്കിൽ പുതിയ നിയമം അനുസരിച്ച് വാഹന നിർമാതാക്കളും കുടുങ്ങും. നൂറുകോടിരൂപ വരെയാണ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പിഴയയായി അടക്കേണ്ടി വരിക. മാത്രമല്ല നിർമ്മാണത്തകരാറുള്ള വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികളോട് ഉത്തരവിടാൻ പുതിയ നിയമം അനുസരിച്ച് സർക്കാരിനു സാധിക്കും. അതായത് വാഹനമുടമയ്ക്കുള്ള നഷ്ടപരിഹാരം നിർമാതാക്കൾ നൽകുകയോ പുതിയതു മാറ്റിനൽകുകയോ വേണം.

തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം, പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം മാത്രം, വാഹനം എവിടെ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം എന്നിങ്ങനെ പുതിയ നിയമത്തിലെ പുതുമകൾ ഒട്ടനവധിയാണ്. അതുകൊണ്ട് തന്നെ ഈ ബില്ല് ഇതുവരെ വന്ന ബില്ലിൽ നിന്നും വ്യത്യസ്തമാണ്.