പൊണ്ണത്തടി കുറച്ചാല്‍ കൈനിറയെ പണം: ഓരോ കിലോ കുറയുമ്പോഴും പതിനായിരം രൂപ സമ്മാനം!

1

അബുദാബി: പൊണ്ണത്തടി കുറച്ചാല്‍ രണ്ടുണ്ട് കാര്യം, ആരോഗ്യകരമായ ജീവിതരീതിക്കൊപ്പം പണവും നേടാം. റാക് ഹോസ്പിറ്റലും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ വെയിറ്റ് ലോസ് ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ തടി കുറയ്ക്കുന്നവര്‍ക്ക് കുറച്ച ഓരോ കിലോയ്ക്കും 500 ദിര്‍ഹം(പതിനായിരം ഇന്ത്യന്‍ രൂപ) നേടാനുള്ള അവസരമാണ് റാക് ബിഗസ്റ്റ് വെയിറ്റ് ലോസര്‍ ചലഞ്ചിലൂടെ ലഭിക്കുന്നത്. ഡിസംബര്‍ 17 മുതലാണ് 10 ആഴ്ചത്തെ ചലഞ്ച് ആരംഭിക്കുന്നത്. വേള്‍ഡ് ഒബീസിറ്റി ദിനമായ മാര്‍ച്ച് നാല് 2022 വരെയാണ് ഈ ചലഞ്ച് നീണ്ടു നില്‍ക്കുക. യുഎഇയിലെ 3,000ത്തിലേറെ ആളുകള്‍ ചലഞ്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഡിസംബര്‍ 17 മുതല്‍ 19 വരെയുള്ള കാലയളവില്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ ചലഞ്ചില്‍ പങ്കെടുക്കുന്നവരുടെ ഭാരം അളക്കും. അതിന് ശേഷമാണ് ഇവരുടെ പേരുകള്‍ ചലഞ്ചിലേക്ക് രജിസ്റ്റര്‍ ചെയ്യുക. എന്നാല്‍ ആശുപത്രിയിലെത്തി ഭാരം അളക്കാന്‍ കഴിയാത്തവര്‍ക്ക് വെര്‍ച്വലായും ഇതിന്റെ ഭാഗമാകാം. ഇവര്‍ക്ക് അടുത്തുള്ള ക്ലിനിക്കുകളില്‍ ഭാരം അളന്ന് മത്സരത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്യാവുന്നതാണ്. കൂട്ടായ പരിശ്രമവും പ്രചോദനവും ആവശ്യമുള്ളവര്‍ക്ക് കോര്‍പ്പറേറ്റ് ടീംസ് ചലഞ്ച് കാറ്റഗറിയിലൂടെയും പങ്കെടുക്കാം.

ക്യാഷ് പ്രൈസുകള്‍, സ്റ്റേക്കേഷന്‍, ഹെല്‍ത്ത് ആന്‍ഡ് ഹോളിഡേ പാക്കേജുകള്‍, ഭക്ഷണ വൗച്ചറുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് കാറ്റഗറികളിലും വിജയിക്കുന്നവരെ പുരസ്‌കാരദാന ചടങ്ങില്‍ അനുമോദിക്കും. ആകെ അഞ്ച് വിജയികളെയാണ് തെരഞ്ഞെടുക്കുക. ഫിസിക്കല്‍, വെര്‍ച്വല്‍ കാറ്റഗറികളില്‍ നിന്ന് ഓരോ പുരുഷനും സ്ത്രീയും വീതവും, കോര്‍പ്പറേറ്റ് ടീമില്‍ നിന്ന് ഒരു വിജയിയെയുമാണ് തെരഞ്ഞെടുക്കുന്നത്. യുഎഇയിലെ എല്ലാ താമസക്കാരും ഈ പുതിയ ചലഞ്ചിന്റെ ഭാഗമാകണമെന്ന് റാക് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദിഖി പറഞ്ഞു. ഗ്ലോബല്‍ ഒബീസിറ്റി ഇന്‍ഡക്‌സില്‍ അഞ്ചാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.