ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ന്യൂസീലൻഡ് വിലക്ക് ഏർപ്പെടുത്തി

1

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ.

ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്.

കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലന്‍ഡിന്റെ നടപടി. ചൊവ്വാഴ്ച ന്യൂസീലൻഡിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17 എണ്ണവും ഇന്ത്യയിൽ നിന്നെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രോഗവ്യാപനം കൂടുന്നതിനാൽ യുപിയിലെ ലക്നൗവിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും.

മഹാരാഷ്ട്രയിൽ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 6976, ഉത്തർപ്രദേശിൽ 6023, ഡൽഹിയിൽ 5506, മധ്യപ്രദേശിൽ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.