ഇനി കായല്‍ കാറ്റേറ്റ് ചെസ്സ് കളിക്കാം; രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം കേരളത്തില്‍

0

ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുരവഞ്ചികളിലിരുന്ന് കായൽകാറ്റേറ്റ് യാത്രചെയ്യുന്നതിനൊപ്പം 64 ചതുര കളങ്ങൾകൊണ്ട് മായികവിസ്മയം തീർക്കുന്ന ചെസ്സുകളികൂടെ ആസ്വദിക്കാം. രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം കേരളത്തില്‍. ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

കായൽ, ബീച്ച്, മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കൂട്ടിയിണക്കിയാണ് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ. എന്‍.ആര്‍. അനില്‍കുമാര്‍, ഡോ. പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ് ചെസ് മൂവ്‌സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിജയിക്ക് നാലുലക്ഷം രൂപവരെ സമ്മാനങ്ങളുമുണ്ട്. 64,000 രൂപയാണ് വിദേശതാരങ്ങളില്‍നിന്ന് ഈടാക്കുന്നത്. സ്വദേശികള്‍ക്ക് ഇളവുകളുണ്ടായിരിക്കും. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും ടൂര്‍ണമെന്റുകള്‍. വിദേശത്തുനിന്നുള്‍പ്പെടെ നാല്‍പ്പതിലേറെ താരങ്ങള്‍ പങ്കെടുക്കും. ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

മത്സരം ഇങ്ങനെ…

27-ന് ആലപ്പുഴയില്‍ പുരവഞ്ചിയിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. രാവിലെ രണ്ടു റൗണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്കുശേഷം പുരവഞ്ചിയില്‍ കറക്കം. വൈകീട്ട് ആലപ്പുഴയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം. കളിക്കാര്‍ക്കായി സാംസ്‌കാരിക പരിപാടികള്‍. 28-ന് രാവിലെ മത്സരം തുടരും. ആലപ്പുഴയില്‍നിന്ന് പുരവഞ്ചിയില്‍ കുമരകത്തേക്ക്. വൈകീട്ട് ആലപ്പുഴയിലേക്ക് മടക്കം. 29-ന് ആലപ്പുഴയില്‍നിന്ന് മാരാരി ബീച്ചിലേക്ക് ബസില്‍ യാത്ര. മാരാരി ബീച്ച് റിസോര്‍ട്ടില്‍ ടൂര്‍ണമെന്റ് തുടരും. വൈകീട്ട് എറണാകുളത്തേക്ക്. 30-ന് മത്സരമില്ല. എറണാകുളത്തെ പ്രധാന സഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനം. റിസോര്‍ട്ടില്‍ താമസം. വൈകീട്ട് സൗഹൃദമത്സരം. 31-ന് രാവിലെ എറണാകുളത്തെ റിസോര്‍ട്ടില്‍ താമസം. വൈകീട്ട് ചാലക്കുടി ഹെറിറ്റേജ് വില്ലേജില്‍. കേരളീയ ജീവിതത്തെ അടുത്തറിയുന്നതിനുള്ള സൗകര്യമൊരുക്കും. ഫെബ്രുവരി ഒന്നിന് ഹെറിറ്റേജ് വില്ലേജില്‍ ടൂര്‍ണമെന്റിലെ അവസാന മത്സരം. തുടര്‍ന്ന് അതിരപ്പള്ളിയിലേക്ക്. വൈകീട്ട് സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.