ട്രെയിൻ ഭക്ഷണ വില കുത്തനെ കൂട്ടുന്നു; ഒരു ചായയ്ക്ക് ഫസ്റ്റ് എസിയിൽ 35 രൂപ മുതൽ

0

ന്യൂഡൽഹി: ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ച് റെയിൽവേ ബോർഡ്. കാറ്ററിംഗ് താരിഫ് നിരക്കിൽ വർദ്ധനവുണ്ടായതിനെത്തുടർന്നാണ് രാജഥാനി, ശതാബ്‌ദി, തുരന്തോ മെയിൽ ആൻഡ് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണത്തിന് വില വ‌ർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

കൃത്യമായ നിരക്ക് 15 ദിവസത്തിനുള്ളിൽ റെയിൽവേ സൈറ്റിൽ പ്രസിദ്ധീരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതത് സംസ്ഥാനങ്ങളിൽ കിട്ടുന്ന നാടൻ ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ടിക്കറ്റെടുക്കുമ്പോൾത്തന്നെ യാത്രക്കാരന് ഭക്ഷണം തിരഞ്ഞെടുക്കാം. ഭക്ഷണം വേണ്ടെങ്കിൽ യാത്രാനിരക്കുമാത്രമേ ഈടാക്കുകയുള്ളൂ.

ആറു രൂപയാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്, സെക്കൻറ് തേർഡ് ക്ലാസ് കംപാർട്‌മെന്റുകളുടെ പുതിയ നിരക്ക് പ്രകാരം ചായക്ക് 20 രൂപ നൽകണം. 15 രൂപയാണ് തുരന്തോയിലെ സ്ലീപ്പർക്ലാസ്സിലെ ചായയുടെ വില. മെയിൽ, എക്സ്‌പ്രസ് തീവണ്ടികളിൽ 50 രൂപയായിരുന്ന ഉച്ചയൂണിന് 80 രൂപയായി. മുട്ടക്കറിയും ചോറുമാണെങ്കിൽ 55 രൂപയിൽനിന്ന് 90 രൂപയായി ഉയർന്നു. ചോറും കോഴിക്കറിയും എന്ന പുതിയ ഒരിനംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് വില 130 രൂപ. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന ബിരിയാണിയും പുതിയ മെനുവിലുണ്ട്.

വെജിറ്റബിൾ ബിരിയാണി-80 രൂപ, മുട്ട ബിരിയാണി-90 രൂപ, കോഴി ബിരിയാണി-110 രൂപ എന്നിങ്ങനെയാണ് നിരക്ക്. സമൂസ, പക്കവട, പഴംപൊരി തുടങ്ങി ലഘുഭക്ഷണപദാർഥങ്ങളല്ലാതെ, പട്ടികയിലില്ലാത്ത മറ്റൊരു ഭക്ഷണസാധനവും തീവണ്ടിയിൽ വിളമ്പരുതെന്ന കർശനനിർദേശവും റെയിൽവേ നൽകിയിട്ടുണ്ട്. ഈ സമ്പ്രദായം 120 ദിവസത്തിനുശേഷമേ പ്രാബല്യത്തിലാകൂ.

പുതിയ നിരക്കുകൾഎ.സി./എക്സിക്യൂട്ടീവ് ക്ലാസ് ചായ -35 മുതൽ 41 വരെ, പ്രഭാത ഭക്ഷണം -140 മുതൽ 147 വരെ, ഉച്ചഭക്ഷണം / രാത്രിഭക്ഷണം – 245 മുതൽ 260 വരെസെക്കൻ്റ് ക്ലാസ് / തേഡ്ക്ലാസ് ചായ – 20 മുതൽ 25 വരെ, പ്രഭാത ഭക്ഷണം -105 മുതൽ 113 വരെ, ഉച്ചഭക്ഷണം / രാത്രിഭക്ഷണം – 185 മുതൽ 195 വരെ, നിലവിൽ പട്ടികയിലില്ലാത്ത പ്രത്യേക കറികളുണ്ടാക്കി ചോറിനും ചപ്പാത്തിക്കുമൊപ്പം നൽകി അമിതവിലയാണ് ഐ.ആർ.സി.ടി.സി. കരാറുകാർ ഈടാക്കുന്നതെന്ന പരാതി വ്യാപകമാണ്. ഐ.ആർ.സി.ടി.സി.യും നിരക്കുപരിശോധനാസമിതിയും നൽകിയ ശുപാർശ കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ നിരക്കുനിർണയം.