കോടികളുടെ ഇടപാടിൽ ചട്ടലംഘനം; പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റിൽ

0

ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 1000 കോടി രൂപയുടെ ഇടപാടിൽ ചട്ടലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രിയാണ് തമ്പിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്.

കേരളത്തിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തമ്പിക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ 2017 ൽ ഇഡി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഫോറക്‌സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി.സി. തമ്പിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇയാളെ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.