തദ്ദേശ തെരഞ്ഞെടുപ്പ്; വിധിയെഴുതാന്‍ ജനം പോളിങ്‌ കേന്ദ്രങ്ങളിലേക്ക്

0

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ അഞ്ച് കനത്ത പോളിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ വോട്ട് ചെയ്തിരിക്കുന്നവരില്‍ ഒന്‍പത് ശതമാനം പുരുഷ വോട്ടര്‍മാരാണ്. 6.25 ശതമാനം സ്ത്രീവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.

തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും ആലപ്പുഴ ജില്ലയില്‍ 7.92 ശതമാനവും ഇടുക്കി ജില്ലയില്‍ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.

കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ചില പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.