ഓം ബിര്‍ള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു

0

ഡൽഹി: മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്ഠേനേയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രമേയം അവതരിപ്പിച്ചത്.

ഓംബിര്‍ളയെ ലോക്‌സഭാ സ്പീക്കറായി ലഭിച്ചതിൽ സഭയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹത്തെ അനുമോദിക്കുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്.

രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു. കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമവും കാരണമാണ് – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഓം ബിര്‍ള യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു. കോട്ട മണ്ഡലത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായാണ് ഓം ബിര്‍ള അറിയപ്പെടുന്നത്.