മ്യൂച്വല്‍ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഇരട്ടിയാക്കിയേക്കും

1

രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയര്‍ത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്.

മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളര്‍)യില്‍നിന്ന് 90,000 കോടി(1200കോടി ഡോളര്‍)യിലേയ്‌ക്കോ 1,11,600 കോടി(1500 കോടി ഡോളര്‍)രൂപയിലേയ്‌ക്കോ ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ നിരവധി എഎംസികള്‍ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപം താല്‍ക്കാലികമായി നിര്‍ത്തിയതായി മോട്ടിലാല്‍ ഒസ് വാള്‍ അസറ്റ്മാനേജുമെന്റ് കമ്പനി ഈയിടെ അറിയിച്ചിരുന്നു. എസ്‌ഐപി വഴിയുള്ള നിക്ഷേപം മാത്രമാണ് എഎംസി സ്വീകരിക്കുന്നത്.

പരിധി ഉയര്‍ത്തുന്നകാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ഈമാസം തുടക്കത്തില്‍ ചര്‍ച്ചനടത്തി സെബി തത്വത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ജൂണിലാണ് ഇതിനുമുമ്പ് മ്യൂച്വല്‍ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഏഴ് ബില്യണ്‍ ഡോളറായി സെബി ഉയര്‍ത്തിയത്. ഓരോ ഫണ്ടുഹൗസുകളുടെയും നിക്ഷേപ പരിധി 60 ലക്ഷം ഡോളറില്‍നിന്ന് ഒരുകോടി ഡോളറായുമാണ് ഉയര്‍ത്തിയത്.