പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാൻ

0

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി ശ്രീരാമകൃഷ്ണന്‍ നിയമിതനായി. കേരള നിയമസഭാ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ലോകകേരള സഭ, ഇവിധാന്‍ സഭ, സമ്പൂര്‍ണ കടലാസുരഹിത വിധാന്‍ സഭ, സെന്റര്‍ ഫോര്‍ പാര്‍ലമെന്റ് സ്റ്റഡീസ് ആന്റ് ട്രയിനിങിന്റെ പരിഷ്‌കരണം, പുതിയ കോഴ്‌സുകള്‍, സ്‌കൂള്‍ ഓഫ് പോളീസിസ്, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകള്‍, സാക്ഷരതാ മിഷനുമായി ചേര്‍ന്നുള്ള വിവിധ പരിപാടികള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി.

ഇതിനു പുറമെ ഈ മേഖലയില്‍ മറ്റു മൂന്ന് ദേശീയ അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി. നിയമങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും പരിശോധിക്കാനുമുള്ള വേദിയായി സംഘടിപ്പിച്ച ഫെസ്്റ്റിവല്‍ ഓണ്‍ ഡെമോക്രസിയില്‍ രാഷ്ട്രപതി സംബന്ധിച്ചിരുന്നു.

പതിമൂന്നാം കേരള നിയമസഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ആദ്യമായി സാമാജികനായത്. കേരളാ സ്‌റ്റേറ്റ് യൂത്ത് വേല്‍ഫെയര്‍ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗമാണ്.