ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി പുരസ്കാരം ഹേമ മാലിനിക്ക്

0

പനാജി: 2021-ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നടിയും എം.പിയുമായ ഹേമ മാലിനിക്ക്. ​ഗോവയിൽ നടക്കുന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറും ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേർന്ന് പുരസ്കാരം വിതരണം ചെയ്തു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണെന്നും അതിൽ അല്പം ഇഷ്ടം കൂടുതലുള്ളത് സീതാ ഓർ ​ഗീത, ഷോലെ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണെന്നും അവർ പറഞ്ഞു. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസീസി, ഹംഗേറിയൻ സംവിധായകൻ ഇസ്തെവൻ സാബോയ് എന്നിവരെ സത്യജിത്ത് റേ ലൈഫ് അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു.

നടി ഖുശ്ബു, റസൂൽ പൂക്കുട്ടി, പ്രമോദ് സാവന്ത്, രവി കൊട്ടാരക്കര, മധുർ ഭണ്ഡാർക്കർ, മഞ്ജു ബോറ, അമിത് ഗോയങ്ക, മിനിസ്ട്രി ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. ചിത്രങ്ങൾ തിയേറ്ററിലും വെർച്വലായും പ്രദർശിപ്പിക്കുന്നുണ്ട്.
ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം.

73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്. സുവർണ മയൂര പുരസ്കാരത്തിനുള്ള മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. സത്യജിത്ത് റേയുടെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും. നവംബർ 28 ന് മേളയ്ക്ക് സമാപനമാകും.