ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ടോക്യോവിലേക്ക്

0

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും. വിദേശ സന്ദർശനത്തിനായി മോദി 23ന് പുറപ്പെടും.

‘ജപ്പാൻ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 23, 24 തിയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്ക് പോകും. യുഎസ് പ്രസിഡന്റ്, ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അവിടെയുള്ള ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജാപ്പനീസ് ബിസിനസ് പ്രമുഖരുമായും ചർച്ച നടത്തും,’ വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി സാമ്പത്തിക സഹകരണം ചർച്ചയാകും.

മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ചയും 24ന് നടക്കും. ‘വരാനിരിക്കുന്ന ക്വാഡ് ഉച്ചകോടി, ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള സമകാലിക ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറാൻ നേതാക്കൾക്ക് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.