മഞ്ജു വാരിയരുടെ പരാതി: സംവിധായകൻ വി എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

0

തൃശൂർ: നടി മഞ്ജു വാരിയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ വി എ ശ്രീകുമാറിനെ അറസ്റ്റു ചെയ്തു. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടു പേരുടെ ജാമ്യത്തിൽ വി എ ശ്രീകുമാറിനെ പിന്നീട് വിട്ടയച്ചു. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാർ മേനോൻ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈകിട്ട് നാല് മണിക്കാണ് വി എ ശ്രീകുമാറിനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് വി എ ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നത്. തന്റെ ഒപ്പിട്ട ലെറ്റർ ഹെഡ് വി എ ശ്രീകുമാറിന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമെന്നും മഞ്ജു വാരിയരുടെ പരാതിയിൽ പറഞ്ഞിരുന്നു. വി എ ശ്രീകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മഞ്ജു പരാതിയിൽ പറയുന്ന ലെറ്റർ ഹെഡ് കണ്ടെത്താൻ കൂടിയായിരുന്നു പൊലീസ് അന്വേഷണം. മഞ്ജു വാരിയരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വി എ ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഫ്ലാറ്റിലും ഓഫിസിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സി.ഡി. ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംവിധായകൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു വാരിയർ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക (ഐപിസി 509), ഗൂഢോദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക (354 ഡി), സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണു ശ്രീകുമാറിനെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. തൃശൂർ ഈസ്റ്റ് പൊലീസാണ് വി എ ശ്രീകുമാറിനെതിരെ ഈ വകുപ്പുകൾ ചുമത്തി കേസെടുത്തത്. അന്വേഷണത്തോടു സഹകരിക്കുമെന്നും മഞ്ജുവിന് ഉപകാരസ്മരണ ഇല്ലെന്നും ഫെയ്സ്ബുക്കിലൂടെ വി എ ശ്രീകുമാറിനെ ശ്രീകുമാർ നേരത്തെ മറുപടി നൽകിയിരുന്നു.