ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ ആശുപത്രിയിൽ കഴിയുന്ന പ്രവാസിമലയാളിയെ തിരിച്ചറിഞ്ഞു

0

ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ ആശുപത്രിയിൽ കഴിയുന്ന പ്രവാസിമലയാളിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ബഹ്റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയിൽ ഏഴുവർഷമായി കഴിയുകയായിരുന്ന ഇദ്ദേഹം  കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിന്റേയും പരേതയായ സിസിലി സേവ്യറിന്റേയും മകന്‍ പോൾ സേവ്യർ ആണെന്ന് ഒടുവില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാർത്തകളും സോഷ്യൽ മീഡിയ ശ്രമങ്ങൾക്കുമൊടുവിൽ അദ്ദേഹത്തിന്റെ സഹോദരി ബേബി, ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു.. 1978 ൽ പതിനെട്ടാം വയസ്സിൽ കപ്പൽമാർഗ്ഗമാണ് പൊന്നപ്പൻ ബഹ്റൈനിലെത്തിയത്. മനാമയിലുള്ള ഡെൽമൺ റസ്റ്റന്റിലേക്ക് കോഴിക്കോട്ടെ ഒരു കുടുംബ സുഹൃത്തുവഴി ജോലിക്കെത്തിയ പൊന്നൻ രണ്ടു വർഷത്തോളം ഹോട്ടലിലും സ്പോൺസറുടെ വീട്ടിലുമായി ജോലി ചെയ്തിരുന്നു എന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്. 2001ലാണ് അവസാനമായി പൊന്നപ്പൻ കുടുംബവുമായി ബന്ധപ്പെട്ടത്.

നാലു സഹോദരന്മാരും, രണ്ടു സഹോദരിമാരുമുള്ള പൊന്നപ്പന്റെ മാതാവ് നാലു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടു. നാലു ദിവസങ്ങൾക്കു മുൻപ് അനുജൻ ജെൻസൺ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ സേവ്യറും മരണപ്പെട്ടിരുന്നു. സാമ്പത്തികമായി പ്രയാസമുള്ള കുടുംബമാണ്. അനുജന്റെ മരണത്തോടു കൂടി ആശ്രയമറ്റ ഭാര്യയും രണ്ടു കുട്ടികളും പിന്നെ ഭാര്യ ഉപേക്ഷിച്ച ഒരു ജേഷ്ഠനുമാണ് വീട്ടിലുള്ളത്. ഓർമയില്ലാത്ത, പരസഹായം ആവശ്യമുളള പൊന്നനും കൂടെ അവിടേക്കെത്തുമ്പോൾ എങ്ങനെ മുന്നോട്ടു പോവുമെന്ന ആശങ്കയുമുണ്ട് ബന്ധുക്കൾക്ക്. എങ്കിലും സന്തോഷത്തിലാണ് അവരെന്ന് ബന്ധുക്കളെ കണ്ടെത്താനും പൊന്നന്റെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമെത്തിക്കാനും പരിശ്രമിച്ച സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലവും സിയാദ് ഏഴംകുളവും പറയുന്നു. യാത്രാരേഖകൾ ശരിയാക്കാൻ പള്ളിയിൽ നിന്നും ജനനസർട്ടിഫിക്കറ്റും, റേഷൻ കാർഡ് കോപ്പിയും സഹോദരി ബേബി അയച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തയാലും നാല്പതു വര്‍ഷത്തെ പ്രവാസജീവിതത്തിനു വിരാമമിട്ടു   അദ്ദേഹം മടങ്ങുമ്പോള്‍  വീട്ടിലല്ലെങ്കിലും സ്വന്തം നാട്ടിലെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിൽ അദ്ദേഹത്തിന് ജീവിതമൊരുങ്ങുമെന്നു ആശിക്കാം.