രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

0

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. സുരക്ഷയൊരുക്കുന്നതിലുള്ള ആശയക്കുഴപ്പത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം റദ്ദാക്കിയത്. തിങ്കളാഴ്ചയാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിക്ക് മടങ്ങുമെന്നാണ് വിവരം.

ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. പക്ഷേ, അതിനുവേണ്ട ബലം സംഭരണിക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വംബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഹെലിപാഡ് ഒരക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും ശബരിമലയിലെ തിരക്കും കൂടി പരിഗണിച്ചാണ് സന്ദര്‍ശനം റദ്ദാക്കിയത്.