![modi-in-saudi-04-jpeg (1)](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/modi-in-saudi-04-jpeg-1.jpg?resize=696%2C599&ssl=1)
ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി അറേബ്യയിലെത്തി. റിയാദ് വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഇന്ന് ഉച്ച മുതല്‍ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വിവിധ കരാറുകളില്‍ ഒപ്പുവെക്കും. തന്ത്രപ്രധാന പങ്കാളിത്ത സമിതിക്ക് തുടക്കം കുറിച്ച ശേഷം നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി സംവദിക്കും.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാഴ്ച രാത്രി 11.20ന് എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസൗദ് രാജകുമാരൻ വരവേറ്റു. സൗദി പ്രോട്ടോക്കോൾ ഓഫീസർമാരും ഭടന്മാരും അണിനിരന്ന് രാജകീയ സ്വീകരണമാണ് നൽകിയത്.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/modi-in-saudi-01-jpg_710x400xt-1.jpg?resize=696%2C392&ssl=1)
സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് നഗരസഭ അധ്യക്ഷൻ എൻജി. താരിഖ് ബിൻ അബ്ദുൽ അസീസ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽസാത്തി, റിയാദ് റീജനൽ പൊലീസ് മേധാവി മേജർ ജനറൽ ഫഹദ് ബിൻ സായിദ് അൽമുത്തൈരി എന്നിവരുമായും വിമാനത്താവളത്തിൽ മോദി ഹസ്തദാനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തിൽ എംബസി സംഘവും പ്രധാനമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/modi-in-saudi-02-jpeg.jpg?resize=696%2C478&ssl=1)
ചൊവ്വാഴ്ചയാണ് സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികൾ. രാവിലെ 10.30ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദ് രാജകുമാരൻ, 10.50ന് വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽസൗദ് രാജകുമാരൻ, 11.10ന് തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി, 11.30ന് പരിസ്ഥിതി ജല കാർഷിക മന്ത്രി അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫാദ്ലി എന്നിവരുമായി ചർച്ച നടത്തും.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/modi-in-saudi-03-jpeg.jpg?resize=696%2C565&ssl=1)
ഉച്ചക്ക് രണ്ടു മണിക്ക് സല്‍മാന്‍ രാജാവിനൊപ്പമാണ് ഉച്ചഭക്ഷണം. ഇതിന് ശേഷം രാജാവുമായി കൂടിക്കാഴ്ച നടക്കും. ഇതിന് പിന്നാലെ തന്ത്ര പ്രധാന സഹകരണ കൌണ്‍സില്‍ കരാറും കരാര്‍ കൈമാറ്റങ്ങളും നടക്കും. വൈകീട്ട് അഞ്ചരക്ക് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ യുഎസിലെ വന്‍കിട നിക്ഷേപ കമ്പനി ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്സ് സ്ഥാപകന്‍ റേ ഡാലിയോ സമ്മേളന വേദിയില്‍ മോദിയുമായി സംവദിക്കും. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ഭാവിയുമാണ് വിഷയം. ഇതിന് ശേഷം കിരീടാവകാശിയുമായി മോദി ചര്‍ച്ച നടത്തും. അദ്ദേഹത്തൊടൊപ്പം അത്താഴത്തിന് ശേഷം രാത്രിയില്‍ തന്നെ പ്രധാനമന്ത്രി മടങ്ങും.