ഒരു കണ്ണിറുക്ക് വരുത്തിയ പൊല്ലാപ്പുകള്‍

0

അഡാര്‍ ലവ്വിലെ പാട്ടും കണ്ണിറുക്കും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. വൈറലായി ആരംഭിച്ചു ഒടുവില്‍ മതവികാരം വൃണപ്പെടുത്തി എന്ന് വരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഈ പാട്ടും സീനും പഴികേട്ടു. എങ്കിലും അങ്ങ് പാകിസ്ഥാനിലും ഈജിപിറ്റിലും വരെ ഈ ഗാനം എത്തിയെന്ന് പറയുമ്പോള്‍ അതില്‍ മലയാളിക്ക് അഭിമാനിക്കാനും വകയില്ല.

ഒരു പെണ്‍ കണ്ണിറുക്കിയാല്‍ തകര്‍ന്നു വീഴുന്ന മതബോധമാണോ നമ്മുക്കുള്ളത്. അല്ലെങ്കില്‍ തന്നെ ഒരു സിനിമയെ സിനിമയായി കാണാന്‍ ഇപ്പോഴും നമ്മള്‍ പലപ്പോഴും മുതിര്‍ന്നിട്ടില്ല. പാട്ടിനോപ്പമോ അല്ലെങ്കില്‍ അതിലധികമോ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് അതില്‍ അഭിനയിച്ച പ്രിയ വാരിയര്‍ തന്നെയാണ്. ഒറ്റ ദിവസം കൊണ്ട് ആലിസിന്റെ അത്ഭുതംലോകം കണ്ട പോലെയാണ് പ്രിയയ്ക്ക്.

ജൂനിയര്‍ ആര്‍ട്ടിസ്റ് ആയെത്തി നായികയായി മാറിയ പ്രിയയാണ് ഇപ്പോള്‍ സകല സമൂഹമാധ്യമങ്ങളിലും താരം.ഇന്ത്യയുടെ വാലന്റൈന്‍സ്‌ ദിന ഐക്കണായിവരെയാണ്‌ ഈ തൃശൂര്‍ വിമലാ കോളജിലെ ഈ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്‌. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്‌ എന്ന സിനിമയുടെ പ്രചാരണത്തിനായി യുട്യൂബില്‍ റിലീസ്‌ ചെയ്‌ത മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ്‌ പ്രിയ ലോകത്തൊരു പുതുമുഖ അഭിനേതാവും നേടാത്ത ശ്രദ്ധ നേടുന്നത്‌.

പ്രിയയുടെ കണ്ണിറുക്കലും പുരികം വളയ്‌ക്കലുമാണ്‌ ലോകയുവത്വത്തിന്റെ മനംകവര്‍ന്നത്‌. എന്നാല്‍ ഒമര്‍ ലാലു അഡാര്‍ ലവ് സ്‌റ്റോറിയിലെ നായികയായി ആദ്യം സ്വീകരിച്ചത് മറ്റൊരു നായികയെയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ പ്രകാശ് വാര്യരെ വിളിച്ചത്. എന്നാല്‍ പ്രിയയുടെ മാനറിസങ്ങള്‍ ഇഷ്ടപ്പെട്ട ഒമര്‍ ലാലു നായികയായി പ്രിയയെ തന്നെ തീരുമാനിക്കുകയായിരുന്നു. അതിപ്പോള്‍ ഇങ്ങനെയൊക്കെ ആകുകയും ചെയ്തു.

ഫോട്ടോഷെയറിങ്‌ സാമൂഹികമാധ്യമായ ഇന്‍സ്‌റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ദുല്‍ഖര്‍ സല്‍മാനായിരുന്നു മലയാളത്തിലെ സെലിബ്രിറ്റികളില്‍ ഒന്നാമത്‌. എന്നാല്‍ ഈ പാട്ടിറങ്ങി നാലുദിവസം കൊണ്ട്‌ 21 ലക്ഷം ഫോളോവേഴ്‌സിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രിയ ഒന്നാമതെത്തി. അതും വീണ്ടും മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകകയാണ്‌. സണ്ണി ലിയോണിനെയും ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ്‌ പ്രിയയുടെ കുതിപ്പ്‌. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ്‌ പഠിക്കുന്നത്‌.

പാകിസ്‌താനി മാധ്യമങ്ങളില്‍ പോലും ഗാനവും പ്രിയാ വാര്യരും ചര്‍ച്ചാവിഷയമായിരുന്നു. പാകിസ്‌താനി എന്റര്‍ടെയ്‌നേഴ്‌സ്‌ പോലുള്ള ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പുകള്‍ പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ്‌ പാക്കിസ്‌താനി എന്റര്‍ടെയ്‌നേഴ്‌സ്‌ ഈ പുതിയ താരത്തെ പരിചയപ്പെടുത്തുന്നത്‌. നാഷണല്‍ ക്രഷ്‌ ഓഫ്‌ ഇന്ത്യ എന്നു പോലും പ്രിയയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ വന്നിരുന്നു.

ഫോട്ടോകള്‍ക്ക്‌ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന്‌ ലൈക്കുകളും കമന്റുകളുമാണ്‌ വന്നു കൊണ്ടിരിക്കുന്നത്‌. ദുല്‍ക്കര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പോസ്‌റ്റിനും മിനുറ്റുകള്‍ക്കകം മൂന്നരലക്ഷത്തിലേറെ ലൈക്ക്‌ കിട്ടി. പാട്ടിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പഴയ ഹിറ്റ്‌ പ്രണയഗാനങ്ങള്‍, റീമിക്‌സ്‌ വിഡിയോകള്‍ എന്നിവ ചേര്‍ത്തുള്ള ട്രോളുകളും നിരവധി.ഇപ്പോള്‍ പാട്ടും ടീസറുമൊക്കെ വൈറലായതോടെ ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമെല്ലാം ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്ന് പ്രിയ പറയുന്നു. എന്നാല്‍ അഡാര്‍ ലവ് റിലീസാകുന്നത് വരെ മറ്റൊരു ചിത്രം ഏറ്റെടുക്കില്ല എന്നാണ് പ്രിയയുടെ തീരുമാനം.