അവധിക്കാല പാക്കേജിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേയ്‌സ്

1

ദോഹ: ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധിയോടനുബന്ധിച്ച് പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്(Qatar airways) ഹോളിഡേയ്‌സ്. സ്‌കൂള്‍സ് ഔട്ട് എന്ന പേരിലുള്ള പാക്കേജില്‍ കൊവിഡ് വ്യാപനം കുറഞ്ഞ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്.

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ യാത്രാ, പ്രവേശന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും(കൂടെ വരുന്ന 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും) യാത്രയ്ക്ക് മുമ്പുള്ള പിസിആര്‍ പരിശോധനയും ദോഹയിലെത്തുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്.

ഇറ്റലി, യുകെ, തുര്‍ക്കി, ഒമാന്‍, ജോര്‍ജിയ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് വഴി യാത്ര ചെയ്യാം. ഏത് രാജ്യത്തേക്കാണോ യാത്ര പോകുന്നത് ആ രാജ്യത്തെ പ്രവേശന, യാത്രാ വ്യവസ്ഥകള്‍ പാലിക്കണം. വിമാനയാത്രാ ടിക്കറ്റ്, ഹോട്ടല്‍ താമസസൗകര്യം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്. പാക്കേജിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ qatarairwaysholidays.com/qa-en/offers/mid-term-holiday-deals എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.